എൻപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ കമ്പോള വിജയങ്ങളെ നിർണ്ണയിച്ച, പിൽക്കാല മലയാള സിനിമയ്ക്കു അനുകരണീയ മാതൃകകൾ സൃഷ്ടിച്ച തിരക്കഥാകൃത്തായിരുന്നു ഡെന്നിസ് ജോസഫ്. കോട്ടയം സ്വദേശിയായ ഡെന്നിസ് ചലച്ചിത്ര പത്രപ്രവർത്തന മേഖലയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. കുടുംബകഥകൾക്കു പ്രാമുഖ്യമുണ്ടായിരുന്ന കാലയളവിലാണ് ഡെന്നിസ് ആക്ഷൻ പാക്ക്ഡ് ത്രില്ലർ ചിത്രങ്ങൾ ഒരുക്കുന്നതും ചലച്ചിത്ര മേഖലയിൽ പുതിയൊരു പന്ഥാവു സൃഷ്ടിക്കുന്നതും.സംവിധായകരായ ജോഷിയുo തമ്പി കണ്ണന്താനവും സൂപ്പർ ഹിറ്റാക്കിയ, മലയാളികൾ ഇപ്പോഴും ആസ്വദിച്ചു കാണുന്ന ആക്ഷൻ ചിത്രങ്ങളുടെ രചയിതാവ് ഡെന്നിസായിരുന്നു .. രാജാവിൻ്റെ മകൻ, ന്യൂ ഡെൽഹി, സംഘം, ‘ നായർസാബ്,നമ്പർ 20മദ്രാസ് മെയ്ൽ, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം ഉൾപ്പെടെ യുള്ള നിരവധി ചിത്രങ്ങൾ ഉദാഹരണം. അതേ സമയം സിബി മലയിലിൻ്റെ ആകാശദൂത് പോലെയൊരു കണ്ണീർപ്പടത്തെ സൂപ്പർ ഹിറ്റാക്കിയതിനു പിന്നിലും ഡെന്നിസ് ജോസഫിൻ്റെ രചനാവൈഭവം പ്രകടമായിരുന്നു..
read also:ഡെന്നിസ് ജോസഫ് മലയാള സിനിമയുടെ എൻസൈക്ലോപീഡിയ: ഡെന്നിസ് ജോസഫിനെ അനുസ്മരിച്ചു ജഗദീഷ്
മമ്മൂട്ടി- ഡെന്നിസ് ജോസഫ് ജോഷി കോംമ്പിനേഷൻ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറെ തിളക്കത്തോടു കൂടി നിൽക്കുന്ന ഒന്നാണ്. പെട്ടിയും കുട്ടിയും കുടുംബ പ്രമേയവുമായി വന്ന് തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയ മമ്മൂട്ടിയുടെ താരപദവി തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയ സന്ദർഭത്തിൽ, മമ്മൂട്ടിയെ രക്ഷപെടുത്താനായി പിറവിയെടുത്ത ചിത്രമായിരുന്നു ന്യൂ ഡെൽഹി’. പകയും പ്രതികാരവും മാധ്യമ പ്രവർത്തന മേഖലയിലെ തന്ത്രങ്ങളുമെല്ലാം നിറഞ്ഞ ന്യൂ ഡെൽഹി സൂപ്പർ ഹിറ്റായതോടു കൂടി മമ്മൂട്ടിയുടെ പരാജിത നായകൻ എന്ന ഇമേജ് മാറി എന്നു മാത്രമല്ല കമ്പോള സിനിമയിൽ മമ്മൂട്ടി തൻ്റെ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. മമ്മൂട്ടിക്ക് ഏറ്റവും ചേരുന്ന അച്ചായൻ കഥാ പാത്രങ്ങളെ നിർമിച്ചു നൽകിയതും ഡെന്നീസ് ജോസഫായിരുന്നു.കുട്ടപ്പായി [സംഘം], കുഞ്ഞച്ചൻ[കോട്ടയം കുഞ്ഞച്ചൻ] ആദിയായ കഥാപാത്രങ്ങൾ അതിനുള്ള തെളിവാണ്. മധ്യതിരുവിതാംകൂർ ക്രിസ്ത്യൻ ജീവിതത്തെ ഏറെ അറിയുന്ന തിരക്കഥാകൃത്ത് അവയെ ഏറെ മിഴിവോടു കൂടി തിരക്കഥയിൽ പകർത്തിയതുവഴിയാണ് അച്ചായൻ കഥാപാത്രങ്ങൾ കൂടുതൽ തിളങ്ങിയത്. പിൽക്കാല മലയാള സിനിമയിലെ അച്ചായൻ കഥാപാത്രങ്ങൾക്കുള്ള സ്വാധീനവും പ്രചോദനവും ഡെന്നിസിൻ്റെ ഇത്തരം കഥാപാത്രങ്ങളായിരുന്നു.
read also: കോവിഡ് കാലത്ത് മാനസിക സമ്മർദ്ദം കുറയ്ക്കാം ; റിമി ടോമി പറയുന്നു
മമ്മൂട്ടിക്ക് നിരവധി സൂപ്പർ ഹിറ്റുകൾ കൊടുത്തതുപോലെ മോഹൻലാലിനും നിരവധി ഹിറ്റുകൾ ഇദ്ദേഹം നൽകിയിട്ടുണ്ട്.പ്രതിനായകൻ, സഹനായകൻ, നായകൻ വേഷങ്ങളിൽ കളിച്ചു കൊണ്ടിരുന്ന ലാലിനെ സൂപ്പർ സ്റ്റാർ ആക്കിയതിനു പിന്നിൽ തമ്പി കണ്ണന്താനം- ഡെന്നിസ് ജോസഫ് ടീമിൻ്റെ രാജാവിൻ്റെ മകൻ എന്ന ചിത്രമുണ്ട്. വിൻസെൻ്റ് ഗോമസ് എന്ന അധോലോക രാജാവിൻ്റെ കഥ പറഞ്ഞ രാജാവിൻ്റെ മകൻ ഇപ്പഴും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നു.
മലയാള സിനിമ യിൽ പഞ്ച് ഡയലോഗിൻ്റെ സാധ്യതകളെക്കുറിച്ച് വിദൂരതയിൽ പോലും ആലോചനകളില്ലാതിരുന്ന കാലയളവിലാണ് “മെ ഫോൺ നമ്പർ ഈസ് 22 55″ ഉം ” ഒരിക്കൽ രാജുമോൻ എന്നോടു ചോദിച്ചു അങ്കിളേ അങ്കിളിൻ്റെ അച്ഛനാരാ” പോലെയുള്ള ഡയലോഗുകൾ പിറന്നു വീണതും അവ മലയാളികൾ ഏറ്റെടുത്തതും.. കുട്ടപ്പായിയെന്ന അച്ചായൻ കഥാപാത്രത്തെ പിൽക്കാല മലയാള സിനിമ വ്യത്യസ്ത തലങ്ങളിൽ പുനരാവിഷ്ക്കരിച്ചതു പോലെ ഡെന്നി സിൻ്റെ വിൻസെൻറ് ഗോമസിനേയും പലരൂപങ്ങളിൽ കമ്പോള സിനിമ പകർത്തിയെടുക്കുകയുണ്ടായി. ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, അപ്പു, ഉൾപ്പെടെയുള്ള ഹിറ്റുകൾ ലാലിന് സമ്മാനിച്ചതിനു പിന്നിലും ഡെന്നി സിൻ്റെ പ്രതിഭയുണ്ടായിരുന്നു.
കമ്പോള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത ആകാശദൂത് എന്ന ചിത്രത്തിലൂടെ മനുഷ്യൻ്റെ ദൈന്യാവസ്ഥകളെ ഡെന്നിസ് അടയാളപ്പെടുത്തി. കമ്പോളത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന താരങ്ങളൊന്നുമില്ലാതെ സിബി മലയിൽ ഒരുക്കിയ ആകാശദൂത് വലിയ വിജയം സ്വന്തമാക്കി. എൻ എഫ് വറുഗീസ് എന്ന പ്രതിഭയുടെ കടന്നുവരവു കൂടി സാധ്യമാക്കിയ ചിത്രമായിരുന്നു ആകാശദൂത് .
ത്രില്ലർ മൂഡിലുള്ള ചിത്രങ്ങളും കുടുംബ പ്രമേയങ്ങളും എഴുതിയ ഡെന്നിസ് സ്വന്തമായി സംവിധാനം ചെയ്തപ്പോൾ തികച്ചും വ്യത്യസ്തമായ പ്രമേയങ്ങളെയാണ് പരീക്ഷിച്ചത്. മനു അങ്കിൾ ,അഥർവ്വം, അപ്പു, തുടർക്കഥ, അഗ്രജൻ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഡെന്നിസിലെ സംവിധായക പ്രതിഭയെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ്. മറ്റുള്ളവർക്കു വേണ്ടി എഴുതിയ ചിത്രങ്ങളുടെ വിജയം ആവർത്തിക്കാൻ സംവിധാനം ചെയ്ത ചിത്രങ്ങൾക്ക് കഴിഞ്ഞില്ലായെന്ന ദുർവിധി ഇദ്ദേഹത്തിൻ്റെ ചിത്രങ്ങൾക്കുണ്ടായി. എങ്കിൽ തന്നെയും ചലച്ചിത്ര ചരിത്രത്തിൽ അവയുടെ സ്ഥാനം ഏറെ തിളക്കമുള്ളതാണ്. ജാതി വരേണ്യ ബോധങ്ങൾ തിരസ്ക്കരിച്ച ഒരു വ്യക്തിയുടെ അസാധാരണ ജീവിതത്തെ അവതരിപ്പിച്ച അഥർവ്വം മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ്. മനു അങ്കിൾ ആകട്ടെ ‘ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടുകയും ചെയ്തു.
ഡെന്നിസ് ജോസഫ് എന്ന പ്രതിഭ അരങ്ങൊഴിഞ്ഞെങ്കിലും അദ്ദേഹം ഒരുക്കിയ ചിത്രങ്ങളും കഥാപാത്രങ്ങളും ഏറെക്കാലം പ്രേക്ഷകരുടെ ഉള്ളിൽ നില നിൽക്കും. ടെലിവിഷൻ ചാനൽ റേറ്റിങ്ങിൽ ഇപ്പോഴും നല്ല പ്രേക്ഷക പിന്തുണ ലഭിക്കുന്നത് ഡെന്നിസ് എഴുതിയ സൂപ്പർ ഹിറ്റുകൾക്കാണ്.മലയാള സിനിമയുടെ വാണിജ്യ തന്ത്രങ്ങളുടെ ഇന്ദ്രജാലക്കാരനാണ് ഡെന്നിസ് ‘എക്കാലവും അത് ചർച്ച ചെയ്യപ്പെടുക തന്നെ ചെയ്യും
രശ്മി, അനികുമാർ
Post Your Comments