മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ഓരോ ചിത്രങ്ങൾ ഇറങ്ങുമ്പോഴും ഗംഭീര മേക്കോവറാണ് താരം നടത്തുന്നത്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ മഞ്ജുവിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സില്ലിമോക്‌സിന് നൽകിയ അഭിമുഖത്തിൽ തനിക്ക് നഷ്‌ടമായ സിനിമകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു.
ചന്ദ്രലേഖ എന്ന ചിത്രത്തിലേക്കും തന്നെ പരിഗണിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് മഞ്ജു വാര്യര്‍ അറിഞ്ഞത് ഈ അടുത്താണത്രെ. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണത്രെ പ്രിയദര്‍ശന്‍ പറഞ്ഞത്. മഞ്ജുവിനെ ബന്ധപ്പെടാന്‍ സാധിക്കാത്തത് കൊണ്ടാണ് അന്ന് ആ അവസരം നഷ്ടപ്പെട്ടത്. ചിത്രത്തില്‍ പൂജ ബത്ര അവതരിപ്പിച്ച വേഷത്തിലേക്കായിരുന്നു എന്ന് കേട്ടപ്പോള്‍ നിരാശ തോന്നി എന്നാണ് മഞ്ജു പറയുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം നൂറ് ദിവസത്തിലധികം ഓടിയ സിനിമയാണ്.
ജയറാമിനൊപ്പം മഞ്ജുവാര്യര്‍ നഷ്ടപ്പെടുത്തിയ മറ്റൊരു ചിത്രമാണ് 1999 ല്‍ തന്നെ റിലീസ് ചെയ്ത ‘വീണ്ടും ചില വീട്ടു കാര്യങ്ങള്‍’. മഞ്ജു വാര്യരെ കിട്ടാതെയായപ്പോള്‍ സംയുക്ത വര്‍മയാണ് ചിത്രത്തിലെ തന്റേടിയായ നായികയെ അവതരിപ്പിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ തിലകന്‍, കെപിഎസി ലളിത, സിദ്ധിഖ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.
1999 ല്‍ സിദ്ധിഖ് ഇസ്മയില്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ഫ്രണ്ട്‌സ്. ചിത്രത്തില്‍ മീന അവതരിപ്പിച്ച രാജകുമാരിയുടെ വേഷത്തിലേക്ക് മഞ്ജു വാര്യരെ പരിഗണിച്ചിരുന്നുവത്രെ. പക്ഷെ എന്തോ കാരണത്താല്‍ മഞ്ജുവിന് ഫ്രണ്ട്‌സ് ചെയ്യാന്‍ സാധിച്ചില്ല. ജയറാമിനെ കുടാതെ മുകേഷ്, ശ്രീനിവാസന്‍, ദിവ്യ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
1999 ലെ മഞ്ജു വാര്യരുടെ മറ്റൊരു നഷ്ട ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ഉസ്താദ്, സിബി മലയില്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ ദിവ്യ ഉണ്ണി അവതരിപ്പിച്ച സഹോദരി വേഷത്തിലേക്കാണോ അതോ ഇന്ദ്രജ അവതരിപ്പിച്ച നായിക വേഷത്തിലേക്കാണോ മഞ്ജുവിനെ പരിഗണിച്ചത് എന്ന് വ്യക്തമല്ല.
മടങ്ങിവരവില്‍ നഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റില്‍ ഒറ്റൊരു ചിത്രത്തിന്റെ പേര് മാത്രമേ മഞ്ജു പറഞ്ഞിട്ടുള്ളൂ. 2018 ല്‍ റിലീസ് ചെയ്ത 96. തൃഷയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു 96. ചിത്രത്തില്‍ തൃഷയുടെ വേഷത്തിന് വേണ്ടി മഞ്ജു വാര്യരെ പരിഗണിച്ചിരുന്നുവത്രെ.
മമ്മൂട്ടി, ദിലീപ്, ശോഭന, ശാലിനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനില്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണ് കളിയൂഞ്ഞാല്‍. 1997 പുറത്തിറങ്ങിയ ചിത്രത്തില്‍ മഞ്ജു അഭിനയിക്കാത്തതിന് കാരണം ഡേറ്റ് ക്ലാഷ് ആണെന്നാണ് വിവരം. ശോഭന അവതരിപ്പിച്ച ഗൗരിയുടെ വേഷമാണ് മഞ്ജുവിന് നഷ്ടമായത്. അന്ന് അത് സംഭവിച്ചിരുന്നുവെങ്കില്‍ മമ്മൂട്ടിയുടെ നായികയായി താരം നേരത്തെ സ്‌ക്രീനിൽ എത്തുമായിരുന്നു.
Post Your Comments