ഇടികൊണ്ടു തെറിച്ചു വീണ ബാബുരാജ് എന്നോട് വന്നു പറഞ്ഞ വാചകം ഇന്നും മറക്കാന്‍ കഴിയില്ല: വേറിട്ട അനുഭവം പറഞ്ഞു സംവിധായകന്‍

എല്ലാവരും ബാബുരാജിന്റെ പ്രകടനം കണ്ടു കയ്യടിച്ചു

ബാബുരാജിനോട് താന്‍ ചെയ്ത ഒരു പ്രയച്ചിത്ത കഥയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ജോസ് തോമസ്‌. ജോസ് തോമസ്‌ സംവിധാനം ചെയ്തു 1995-ല്‍ പുറത്തിറങ്ങിയ ‘കാഞ്ഞിരപ്പള്ളി കറിയാച്ചന്‍’ എന്ന സിനിമയിലെ ഒരു സംഘട്ടന രംഗത്തെക്കുറിച്ച് പങ്കുവച്ചുകൊണ്ടായിരുന്നു ജോസ് തോമസിന്റെ തുറന്നു പറച്ചില്‍.

ജോസ് തോമസിന്‍റെ വാക്കുകള്‍

“ഞാന്‍ 1995-ല്‍ ചെയ്ത ചിത്രമാണ്‌ ‘കാഞ്ഞിരപ്പള്ളി കറിയാച്ചന്‍’. അതില്‍ ബാബുരാജ് അഭിനയിച്ചിരുന്നു. വിജയരാഘവനുമായുള്ള ഒരു ഫൈറ്റിന്റെ ചിത്രീകരണമാണ്. ബാബുരാജ് ഇടികൊണ്ട്‌ തെറിച്ചു ഒരു വിറകിന്‍ കൂനയിലെക്ക് വീഴണം. ഫൈറ്റ് അപകടമായത് കൊണ്ട് ഡ്യൂപ്പിനെ വയ്ക്കാമെന്ന് മാഫിയ ശശി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞു. പക്ഷേ ബാബുരാജ് താന്‍ തന്നെ അത് ചെയ്തോളാമെന്നു പറഞ്ഞു സ്വയം മുന്നോട്ടു വന്നു. അപകടം ആണെന്നറിഞ്ഞിട്ടും വിജയരാഘവന്റെ ഏറില്‍ ബാബുരാജ് വിറക് കൂനയിലേക്ക് ചെന്ന് മലര്‍ന്നു വീണു. എല്ലാവരും ബാബുരാജിന്റെ പ്രകടനം കണ്ടു കയ്യടിച്ചു. കൈയും കാലുമെല്ലാം ചോരയില്‍ പൊട്ടിയൊലിച്ച ബാബുരാജ് എന്നോട് വന്നിട്ട് പറഞ്ഞു.ഒരു സംവിധായകനെന്ന നിലയില്‍ ‘നിങ്ങള്‍ക്ക് ഇത് സന്തോഷമായിരിക്കാം, സൂപ്പര്‍ ആയിരിക്കാം. പക്ഷേ ഞാന്‍ അനുഭവിക്കുന്നത് എന്റെ വേദനയാണ്’. അത് എന്റെ മനസ്സില്‍ തട്ടി. പിന്നീട് എനിക്ക് ആ ഒരു പ്രായച്ചിത്തം വര്‍ഷങ്ങള്‍ക്ക് ശേഷം ‘മായമോഹിനി’ എന്ന സിനിമയിലൂടെ വീട്ടാന്‍ പറ്റി. ഒരു ഫൈറ്റ് സീനും ഇല്ലാത്ത, ഒരു സാഹസികതയും ഇല്ലാത്ത, നല്ലൊരു ഒന്നാംതരം കോമഡി വേഷം എനിക്ക് ബാബുരാജിന് നല്‍കാന്‍ ആ സിനിമയിലൂടെ സാധിച്ചു”. സംവിധായകന്‍ ജോസ് തോമസ്‌ പറയുന്നു.

Share
Leave a Comment