മലയാളത്തില്‍ മേനക വരുമ്പോള്‍ നിരവധി നായികനടിമാര്‍ മുഖ്യധാര സിനിമയില്‍ മികച്ച സിനിമകളുമായി തിളങ്ങി നിന്നിരുന്നു. അവര്‍ക്കിടയില്‍ മേനക എന്ന നടിയുണ്ടാക്കിയ ഇമേജ് സൂപ്പര്‍ താരത്തിനോളം വലുതായിരുന്നു. ശങ്കര്‍-മേനക ജോഡി പ്രണയ നായിക-നായകന്മാരായി മലയാള സിനിമയില്‍ പുതിയ ചരിത്രവും കുറിച്ചു. താന്‍ ആദ്യമായി റൊമാന്‍സ് നായികയായ അനുഭവം പങ്കുവയ്ക്കുകയാണ് നടി മേനക. തന്റെ കരിയറിന്റെ തുടക്കകാലത്ത് ആദ്യം ലഭിച്ചിരുന്നത് അമ്മ വേഷങ്ങള്‍ ആയിരുന്നുവെന്നും ഓപ്പോളും, മുന്നേറ്റവുമെല്ലാം നല്‍കിയത് കുറച്ചു പക്വതയേറിയ കഥാപാത്രങ്ങള്‍ ആണെന്നും പക്ഷേ ഭദ്രന്‍ സംവിധാനം ചെയ്ത ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന സിനിമയാണ് തനിക്ക് റൊമാന്‍സ് നായിക എന്ന നിലയില്‍ മറ്റൊരു ഇമേജ് നല്‍കിയതെന്നും മേനക പറയുന്നു.
മേനകയുടെ വാക്കുകള്‍
” ‘ഓപ്പോള്‍’, ‘മുന്നേറ്റം’ തുടങ്ങിയ സിനിമകള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ എനിക്ക് പിന്നീട് തുടരെ തുടരെ വന്നത് അമ്മ വേഷങ്ങളാണ്. അതില്‍ നിന്ന് എനിക്ക് മാറ്റം നല്‍കിയത് ഭദ്രന്‍ സാറിന്റെ ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന സിനിമയാണ്. അതിലാണ് ഞാന്‍ ആദ്യമായി പ്രണയിച്ചു തുടങ്ങുന്നത്. ശങ്കര്‍ എന്റെ ഭാഗ്യ നായകന്‍ ആകുന്നതും, ഞാന്‍ ശങ്കറിന്റെ ഭാഗ്യ നായികയാകുന്നതും ആ സിനിമയിലൂടെയാണ്. ശരിക്കും എന്റെ മോഹങ്ങള്‍ പൂവണിഞ്ഞ സിനിമയായി അത് മാറി. കാരണം എന്റെ ജീവിത യാത്രയില്‍ പിന്നീട് ഒന്നിച്ചു കൂടിയ സുരേഷേട്ടനെ (നിര്‍മ്മാതാവ് സുരേഷ് കുമാര്‍) ഞാന്‍ കാണുന്നതും ആ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്”. മേനക പറയുന്നു.
Post Your Comments