GeneralLatest NewsMollywoodNEWSTV Shows

അത് പറയുമ്പോൾ നിറഞ്ഞ കണ്ണുകളിൽ അച്ഛനോടുള്ള സ്നേഹവും ആത്മാർഥതയും തിളങ്ങിയിരുന്നു; മേള രഘുവിനെക്കുറിച്ചു താരപത്നി

ദൃശ്യം 2 ലേത് അവസാന ദൃശ്യപ്പെടൽ ആയിരുന്നല്ലോ എന്ന് ചിന്തിക്കാൻ കൂടെ സാധിക്കുന്നില്ല.

കെ ജി ജോർജ്ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലെ നായകനായി എത്തിയ നടൻ രഘു വിടവാങ്ങി. ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2 വിലാണ് അവസാനമായി അഭിനയിച്ചത്. നടൻ ശരൺ പുതുമനയുടെ ഭാര്യയും, ഫിലിം പ്രൊഡ്യൂസറും,എഫ്എം ഉദ്യോഗസ്ഥയുമായ റാണി ശരൺ മേള രഘുവിനെക്കുറിച്ചു പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

” രാവിലെ KFPA ഒഫീഷ്യൽ ഗ്രൂപ്പിൽ അനിലേട്ടൻ ഇട്ട മെസ്സേജ് “മേള രഘു അന്തരിച്ചു” വേദനിപ്പിച്ചു ശരിക്കും. ദൃശ്യം 2 ലേത് അവസാന ദൃശ്യപ്പെടൽ ആയിരുന്നല്ലോ എന്ന് ചിന്തിക്കാൻ കൂടെ സാധിക്കുന്നില്ല. അനിലേട്ടനിൽ നിന്നാണ് കുറച്ചായി സുഖമില്ലാതെ കിടപ്പിലായിരുന്നു എന്നൊക്കെ അറിഞ്ഞത്. അതിനു പിന്നാലെ കൂടപ്പിറപ്പ് വിവേകിൻ്റെ മെസ്സേജ് വന്നു.

read also:ദിയ കാരണം കുഞ്ഞുനാളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട് ; സഹോദരിക്ക് നേർന്ന പിറന്നാൾ ആശംസയെ വളച്ചൊടിച്ചതിനെതിരെ അഹാന

മനസ്സിലെ സങ്കടം കുറച്ചൊക്കെ ഓർമ്മകളായി വിവേകിനോട് പങ്ക് വെച്ചു. ചെറിയ ഒരു ആശ്വാസപ്പെടൽ. ഒരു വെറും ശ്രമം. ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോഴാണ് എന്നോളം മാത്രം വലിപ്പമുള്ള ഒരു ‘ഒത്ത മനുഷ്യൻ’ അച്ഛനോട് ഉമ്മറത്ത് ഇരുന്നു സംസാരിക്കുന്നത് ആദ്യമായി കണ്ടത്.”ഇത് രഘു അങ്കിൾ ആണ്. മേള സിനിമയിലെ നായകൻ” എന്ന് പരിചയപ്പെടുത്തി.അതിനും എത്രയോ വർഷങ്ങൾക്കിപ്പുറം ആണ് ഞാൻ മേള സിനിമയും അതിലെ ഗോവിന്ദൻകുട്ടിയെയും ഒക്കെ കാണുന്നത്.

ആ വരവിൽ 2- 3 ദിവസം വീട്ടിൽ താമസിച്ചാണ് അദ്ദേഹം പോയത്. അപ്പോഴേക്കും ഞങ്ങൾ കളി കൂട്ടുകാർ ആയി കഴിഞ്ഞിരുന്നു. പിന്നെയും പല തവണ സ്കൂൾ വിട്ടു വരുമ്പോൾ ഉമ്മറത്ത് നിറഞ്ഞ ചിരിയും മോളെ എന്ന വിളിയുമായി ഉണ്ടാവും രഘു അങ്കിൾ. മൂന്നോ നാലോ ദിവസങ്ങൾ താമസിച്ചു തിരിച്ച് പോവും. അക്ഷരാർത്ഥത്തിൽ ” അതിഥി ” .പിന്നെ എപ്പോഴോ ആ വരവ് നിന്നു.

വർഷങ്ങൾക്ക് ശേഷം കല്യാണം കഴിഞ്ഞുള്ള എറണാകുളം ജീവിതത്തിനിടയിൽ ഒരു ദിവസം ഡബ്ബിങ്ങിന് പോയി വന്ന ഏട്ടൻ പറഞ്ഞു ” മേള രഘു ചേട്ടനെ കണ്ടു. വാവയെ അന്വേഷിച്ചു. കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. നാളെ കൂടെ വരു”.അങ്ങനെ വർഷങ്ങൾക്കിപ്പുറം ഞാൻ കണ്ടു അങ്കിളിനെ. അന്നും കുറെ പഴയ കര്യങ്ങൾ പറഞ്ഞു. പിന്നെ ഇത് കൂടി പറഞ്ഞു, “ചന്ദ്രേട്ടൻ ഇല്ലാതെ ആയത് വലിയ നഷ്ടം ആയവരിൽ ഒരാൾ ഞാൻ ആണ് .” അത് പറയുമ്പോൾ നിറഞ്ഞ കണ്ണുകളിൽ അച്ഛനോടുള്ള സ്നേഹവും ആത്മാർഥതയും തിളങ്ങിയിരുന്നു.

‘മഞ്ചേരിയിൽ നിന്ന് ഓരോ മടക്കത്തിലും അച്ഛൻ ചെയ്തിരുന്ന പോലെ,അതെ അളവിൽ സാധിച്ചില്ലെങ്കിലും,പറ്റുന്ന പോലെ ഞാൻ ആ കുഞ്ഞു കൈകളിലേക്ക് എൻ്റെ കൈ ചേർത്ത് മടക്കി. അദ്ദേഹം എൻ്റെ കൈ കണ്ണടച്ച് നെറ്റിയിലേക്ക് ചേർത്തു ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെയും പലപ്പോഴും കണ്ടു. മിണ്ടി. പക്ഷേ ഇനി ഒരിക്കലും ഒരിടത്തും “മോളെ, സുഖമല്ലേ” എന്ന ചോദ്യവും നിറഞ്ഞ ചിരിയും ആയി ആ സാന്നിധ്യം ഉണ്ടാവില്ല. അച്ഛൻ്റെ മോൾ ആയതിൻ്റെ പേരിൽ എനിക്ക് കിട്ടുന്ന സ്നേഹത്തിൻ്റെയും അനുഗ്രഹത്തിൻ്റെയും ഒരു പങ്ക് കൂടി മാഞ്ഞു പോയിരിക്കുന്നു’, റാണി കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button