കോവിഡ് ബോധവത്കരണ വീഡിയോയുമായി സംവിധായകൻ രാജമൗലിയുടെ പുതിയ ചിത്രം ആർആർആർ ടീം. നായിക ആലിയ ഭട്ട്, സംവിധായകൻ രാജമൗലി, നടന്മാരായ രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ എന്നിവർ കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടാൻ തയാറെടുക്കണം എന്ന സന്ദേശം നൽകുകയാണ്. വിവിധ ഭാഷകളിലുള്ള സന്ദേശ വീഡിയോയിൽ രാജമൗലി മലയാളത്തിലാണ് സന്ദേശം നൽകുന്നത്. നേരത്തെ ഒഫീഷ്യൽ ട്വിറ്റർ പേജ് കൊവിഡ് വിവരങ്ങൾ പങ്കുവെക്കുന്നതിനായി ആർആർആർ ടീം വിട്ടു നൽകിയിരുന്നു.
ബാഹുബലിയുടെ വമ്പൻ വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആർആർആർ. ‘രുധിരം രണം രൗദ്രം’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. ചിത്രത്തിൽ ജൂനിയർ എൻടിആർ, രാംചരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡി വി വി ധനയ്യയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്.
300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജർ ജോൺസാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഒലിവിയ മോറിസ്, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാവുന്നു. എം.എം. കീരവാനിയാണ് സംഗീതം. കെ.കെ. സെന്തിൽ കുമാറാണ് സംഘട്ടനം. ഒക്ടോബർ 13 ന് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും. പി ആർ ഒ – ആതിര ദിൽജിത്ത്.
Post Your Comments