ഗംഭീര വിജയം കൈവരിച്ച തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റിമേക്കില്‍ നിന്നും നടൻ ഹൃത്വിക് റോഷന്‍ പിന്മാറിയതായി റിപ്പോർട്ട്. ഹൃത്വിക് സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ ചിത്രവുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സിനിമയുടെ ജോലികള്‍ മുടങ്ങി. മറ്റു സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഹൃത്വിക് പിന്‍മാറുകയായിരുന്നു.
ചിത്രത്തില്‍ അധോലോക നായകനായ വേദയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കാനിരുന്നത്. പോലീസ് കഥാപാത്രമായ വിക്രമായി സെയ്ഫ് അലിഖാനെത്തും. നേരത്തേ ആമിര്‍ ഖാനെയാണ് ചിത്രത്തിന് വേണ്ടി തീരുമാനിച്ചിരുന്നത്. ആമിറിന് പകരമാണ് ഹൃത്വിക് എത്തിയത്. തമിഴ് ചിത്രമൊരുക്കിയ ഗായത്രി-പുഷ്‌കര്‍ ജോടിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്.
2017 ല്‍ വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ശശികാന്ത് നിര്‍മിച്ച് തമിഴ് നിയോ – നോയര്‍ ആക്ഷന്‍ ത്രില്ലര്‍ ചലച്ചിത്രമാണ് വിക്രം വേദാ. ആര്‍. മാധവന്‍, വിജയ് സേതുപതി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് മറ്റു വേഷങ്ങളിലെത്തിയത്.
Leave a Comment