കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണമടഞ്ഞ നടന്‍ മേള രഘുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടൻ കോഴിക്കോട് നാരായണൻ നായർ. മേള രഘുവിന്റെ വിയോഗ വാർത്ത കേട്ടപ്പോൾ ആദ്യം അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.
സൂപ്പർ ഹിറ്റ് ചിത്രമായ മോഹൻലാലിന്റെ ദൃശ്യത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ദൃശ്യത്തിൽ നാരായണൻ നായർ അവതരിപ്പിക്കുന്ന സുലൈമാനിക്കയുടെ ചായക്കടയിലെ സഹായിയായി കൂടെ ഉണ്ടാകുന്ന കഥാപാത്രത്തെയായിരുന്നു രഘു അവതരിപ്പിച്ചത്. സിനിമയിലും പേര് രഘു എന്ന് തന്നെയായിരുന്നു.
ദൃശ്യം ആദ്യഭാഗത്തേക്കാൾ ഇരുവരുടെയും കോംബോ ഏറെ ശ്രദ്ധിക്കപ്പെട്ടത് രണ്ടാം ഭാഗത്തിലായിരുന്നു. ദൃശ്യം ഹിറ്റായപ്പോൾ ട്രോളുകളിലും മീമുകളിലും സുലൈമാനിക്കയും രഘുവും നിറഞ്ഞു നിന്നു. ദൃശ്യത്തിന് മുൻപും പല സിനിമകളിലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട് നാരായണൻ നായരും രഘുവും.
നാരായണൻ നായരുടെ വാക്കുകൾ
“വെറും അഭിനേതാക്കൾ തമ്മിലുള്ള ബന്ധമായിരുന്നില്ല ഞങ്ങൾ തമ്മിൽ. സ്വന്തക്കാർ എന്നൊക്കെ പറയില്ലേ… അതുപോലൊരു ബന്ധം. ദൃശ്യത്തിൽ മാത്രമല്ല, പല പടങ്ങളിലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങൾ ആയിരുന്നു അതെല്ലാം. സെറ്റിൽ എല്ലാവരോടും സൗമനസ്യത്തോടെയാണ് പെരുമാറുക. ദൃശ്യം 2ന്റെ സെറ്റിൽ വച്ചു കണ്ടപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി തോന്നിയിരുന്നില്ല. പുറത്തേക്ക് അങ്ങനെയൊന്നും കാണിച്ചിരുന്നില്ല. വീട്ടിലെ വിശേഷങ്ങളൊക്കെ പറയും.”
“ദൃശ്യത്തിന് മൂന്നാം ഭാഗം വരുമോ എന്നൊരു ചർച്ച സജീവമായിരുന്നല്ലോ. അങ്ങനെ മൂന്നാം ഭാഗം വന്നാൽ അതിൽ ഞങ്ങളും ഉണ്ടാകുമെന്ന് തമാശയായി ഞാൻ പറഞ്ഞിരുന്നു. കാരണം, ചായക്കട അതിൽ ഒഴിവാകില്ലല്ലോ! വിളിച്ചാൽ വരണമെന്നു പറഞ്ഞാണ് അന്നു ഞങ്ങളെ യാത്രയാക്കിയത്! സമയം ആകുമ്പോൾ ഓരോരുത്തർക്കും പോകേണ്ടി വരും. എന്താ പറയുക?! രഘുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു,” നാരായണൻ നായർ പറഞ്ഞു.
Post Your Comments