ഞാനും ജയറാമുമൊക്കെ അത്ഭുതത്തോടെ നോക്കി കണ്ട അഭിനേത്രി: സിത്താരയെക്കുറിച്ച് സുരേഷ് ഗോപിക്ക് പറയാനുള്ളത്!

പിന്നീട് സിത്താര തമിഴ്, കന്നഡ എന്നൊക്കെ പറഞ്ഞു ഞങ്ങളെ വിട്ടു ഓടി പോയി

മമ്മൂട്ടിയും, മോഹന്‍ലാലും സൂപ്പര്‍ താരങ്ങളായി ജ്വലിച്ചു നിന്ന സമയത്തായിരുന്നു മാസ് ഡയലോഗുമായി സുരേഷ് ഗോപിയുടെ വരവ്. മറ്റൊരു സൂപ്പര്‍ താരത്തിന്റെ ഉദയം പ്രേക്ഷകര്‍ വലിയ രീതിയില്‍ ആഘോഷിച്ചു. തിയേറ്ററില്‍ നിറഞ്ഞു കളിച്ച എത്രയോ സുരേഷ് ഗോപി സിനിമകള്‍ മലയാള സിനിമകളുടെ വാണിജ്യ മേഖലയില്‍ നെടുംതൂണായി. തനിക്കൊപ്പം അഭിനയിച്ച ഒരു നായിക നടിയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സുരേഷ് ഗോപി. താനും, ജയറാമുമൊക്കെ ഒരു അല്‍പ്പം മേലോട്ട് നോക്കി കണ്ട കലാകാരിയാണ് നടി സിത്താരയെന്നു ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സുരേഷ് ഗോപി പറയുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘വചനം’ എന്ന സിനിമയില്‍ സുരേഷ് ഗോപി ജയറാം സിത്താര കോമ്പിനേഷന്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു.

സുരേഷ് ഗോപിയുടെ വാക്കുകള്‍

“സിനിമയില്‍ ഞാന്‍ വന്ന കാലത്ത് ആദ്യമായി കണ്ട സൗത്ത് ഇന്ത്യയിലെ പ്രധാന നായികയായിരുന്നു സിത്താര. കഴിവിന്റെ കാര്യത്തിലും, അഭിനയ തികവിന്റെയുമൊക്കെ കാര്യത്തില്‍ ഞാനും ജയറാമുമൊക്കെ ഒന്ന് മേലോട്ട് നോക്കി കണ്ട ഒരു പ്രകടനക്കാരിയായിരുന്നു. പിന്നീട് സിത്താര തമിഴ്, കന്നഡ എന്നൊക്കെ പറഞ്ഞു ഞങ്ങളെ വിട്ടു ഓടി പോയി. എന്റെ മൊബൈലില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ അയയ്ക്കുന്ന ഗാനം സിത്താരയ്ക്കൊപ്പമുള്ളതാണ്. ‘നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി’ എന്ന ‘വചനം’ സിനിമയിലെ ഗാനമാണത്”.

Share
Leave a Comment