
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ് ദിലീപ് കാവ്യാ മാധവൻ ജോഡിയുടെ മീശമാധവൻ. ലാൽജോസ് സംവിധാനം ചെയ്ത 2002-ൽ പ്രദർശനത്തിനെത്തിയ ചിത്രം ചേക്ക് എന്ന ഗ്രാമത്തിൽ അല്ലറചില്ലറ മോഷണങ്ങളുമായി ജീവിക്കുന്ന കള്ളനായ മാധവന്റെ കഥ പറയുന്നതാണ്.
മാധവൻ ആരെയെങ്കിലും നോക്കി മീശ പിരിച്ചാൽ അന്ന് അവരുടെ വീട്ടിൽ കക്കാൻ കയറും എന്ന് ഉറപ്പാണ്. മീശമാധവൻ എന്ന വട്ട പേരിൽ അറിയപ്പെടുന്ന നായകൻ മുഖ്യശത്രു ഭഗീരഥൻ പിള്ളയുടെ മകള്‍ രുക്മിണിയോടുള്ള പ്രണയത്തേയും മറ്റും ചുറ്റിപറ്റി നീങ്ങുന്ന കഥാഗതിയാണ് സിനിമയുടേത്.
ഇപ്പോഴിതാ സിനിമയിലെ ശ്രദ്ധേയമായ ഒരു രംഗത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കലാസംവിധായകൻ ജോസഫ് നെല്ലിക്കൽ. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിൽ ഒരു പ്രധാന രംഗത്തിൽ മാധവനെ രുക്മിണി ഒളിപ്പിക്കുന്ന ഭാഗം ഉണ്ട്. രുക്മിണിയുടെ മുറിയിൽ ഒരു വലിയ പാവയിലാണ് മാധവനെ ഒളിപ്പിക്കുന്നത്. എന്നാൽ ഈ ഒരു രംഗത്തിനായി നായികയ്ക്ക് പാവയോടുള്ള ഇഷ്ടം നേരത്തെ തന്നെ സിനിമയിൽ സൂചിപ്പിക്കുന്നുണ്ട്. അതിനെ കുറിച്ച് വ്യക്തമാക്കുകയാണ് ജോസഫ്.
‘ഒരു സ്ഥലത്ത് ഷൂട്ടിനായി ചെല്ലുമ്പോള്‍ അവിടെ നിന്ന് കിട്ടുന്ന വസ്തുക്കള്‍ കൊണ്ട് സെറ്റൊരുക്കാൻ ശ്രമിക്കാറുണ്ട്. അപ്പോള്‍ അത് സിനിമയിലെ ഓരോ രംഗങ്ങളോടും ചേര്‍ന്നിരിക്കും. മീശമാധവൻ സിനിമയിൽ കാവ്യ അഭിനയിച്ച കഥാപാത്രത്തിന്റെ മുറി ഒരുക്കിയത് കൂടുതലും തുണിയലങ്കാരം കൊണ്ടായിരുന്നു. തുണിയുടെ പാവകളും മറ്റുമൊക്കെയുണ്ടായിരുന്നു. ആ പെൺകുട്ടി അത്തരം പാവകളെ ഏറെ ഇഷ്ടപ്പെടുന്നതായി നടിയുടെ ഇൻട്രൊഡക്ഷൻ സീനുകളിൽ തന്നെ വ്യക്തമാണല്ലോ. (ഗാനരംഗത്തിലൂടെയാണ് കാവ്യയുടെ എൻട്രി. രണ്ടു പാവകളെ പിടിച്ചുകൊണ്ട് നൃത്തം ചെയ്യുന്നതാണ് രംഗം).
അത്തരത്തിലൊന്നായിരുന്നു മുറിയിൽ മാധവനെ ഒളിപ്പിക്കാനായി വലിയൊരു പാവയും ഒരുക്കിയത്. സിനിമയിലെ ഓരോ രംഗങ്ങളും അത്രമേൽ സൂഷ്മതയോടെയാണ് സംവിധായകൻ ഉൾപ്പടെയുള്ളവർ കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
Post Your Comments