തെന്നിന്ത്യൻ സിനിമാ പ്രവർത്തകരെ ദു:ഖത്തിലാഴ്ത്തിയാണ് ഛായാഗ്രാഹകൻ കെ.വി ആനന്ദ് വിടപറഞ്ഞ് പോയത്. അദ്ദേഹത്തിന്റെ ക്യാമറകണ്ണുകളിലൂടെ കണ്ട മനോഹര കാഴ്ചകള്‍ മലയാളികളും ഏറെ ആസ്വദിച്ചിട്ടുണ്ട്. അത്രയ്ക്ക് ആകര്‍ഷണമായിരുന്നു തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം ഓരോ ഫ്രെയിമും. തമിഴ്‌നാട്ടുകാരനായ ആനന്ദ് സ്വതന്ത്ര ഛായാഗ്രാഹകനാവുന്നതും ദേശീയ പുരസ്കാരത്തിന് അർഹനാവുന്നതും ഈ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ വിയോഗത്തിൽ തന്റെ ദുഃഖം അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ നടൻ സൂര്യ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. ഒരു ഛായാഗ്രാകന്‍, സംവിധായകന്‍ എന്നതിന് അപ്പുറമുള്ള സൗഹൃദമായിരുന്നു സൂര്യയ്ക്ക് കെ വി ആനന്ദുമായി. അദ്ദേഹത്തിന്റെ മരണ വിവരം അറിഞ്ഞ ഉടനെ സൂര്യ ആശുപത്രിയിൽ എത്തിയെങ്കിലും, കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടത് കൊണ്ട് കെ വി ആനന്ദിന്റെ മൃതശരീരം വിട്ടു നല്‍കിയില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ കുടുംബത്തിന് പൂര്‍ണ മനപിന്തുണ നല്‍കി സൂര്യ കൂടെ തന്നെയുണ്ടായിരുന്നു.
സൂര്യയുടെ വാക്കുകൾ
”കെ വി ആനന്ദ് സര്‍, അങ്ങയുടെ മരണമാണ് ഞങ്ങളെ ഈ മഹാമാരി കാലത്തിന്റെ ഭീകരത ഓര്‍പ്പെടുത്തുന്നത്. നിങ്ങള്‍ ഇനി ഇല്ല എന്ന വസ്തുത എന്റെ ഹൃദയത്തെ അങ്ങേയറ്റം വേദനിപ്പിയ്ക്കുന്നു. മനസ്സിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അങ്ങയുടെ ഒട്ടും പ്രതീക്ഷിക്കാത്ത മരണത്തിന്റെ വേദനയില്‍, അങ്ങയെ കുറിച്ചുള്ള ഓര്‍മകള്‍ തിരമാല പോലെ അലതല്ലുന്നു” സൂര്യ തന്റെ ട്വിറ്ററിൽ കുറിക്കുന്നു.
”നിങ്ങള്‍ എടുത്ത ഫോട്ടോകളിലൂടെയാണ് സരവണന്‍, സൂര്യയായി മാറിയ മാജിക് സംഭവിച്ചത്. ഒരു പുതിയ മുഖത്തെ ക്യാമറയില്‍ ശരിയായി പകര്‍ത്താന്‍ രണ്ട് മണിക്കൂര്‍ നേരമാണ് നിങ്ങള്‍ ചെലവഴിച്ചത്. മദ്രാസ് ടാക്കീസിലെ ആ രണ്ട് നിമിഷം എന്നെ സംബന്ധിച്ച് യുദ്ധകളത്തില്‍ നില്‍ക്കുന്നത് പോലെയായിരുന്നു.നേര്‍ക്കുനേര്‍ എന്ന ചിത്രത്തിന് വേണ്ടി നിങ്ങള്‍ എടുത്ത എന്റെ ‘റഷ്യന്‍ ആംഗിള്‍’ ഫോട്ടോയാണ് സംവിധായകന്‍ വസന്തിനും നിര്‍മാതാവ് മണിരത്‌നത്തിനും എന്നില്‍ വിശ്വാസം ഉണ്ടാക്കിയത്. വെള്ളിത്തിരയിലെ ഫോട്ടോയെക്കാള്‍ ആയിരം മടങ്ങ് വലുപ്പത്തില്‍ ഫോട്ടോഗ്രാഫില്‍ നിങ്ങള്‍ എന്നെ കാണിച്ചു.
നിങ്ങളുടെ ക്യാമറയിലൂടെയാണ് എന്റെ മുഖത്ത് ആദ്യത്തെ വെളിച്ചം വന്നു വീണത്. എന്റെ ഭാവി ശോഭനമായി. എന്റെ സിനിമാ ജീവിത യാത്രയില്‍ നിങ്ങളുടെ പങ്കും മാര്‍ഗ്ഗ നിര്‍ദ്ദേശവും മറക്കാന്‍ കഴിയില്ല. വളരാന്‍, മുന്നോട്ട് പോവാന്‍ ഞാന്‍ എന്തൊക്കെ ചെയ്യണം എന്ന നിങ്ങള്‍ തന്ന നിര്‍ദ്ദേശങ്ങളാണ് ഇന്നും എന്നെ മുന്നോട്ട് നയിക്കുന്നത്.ഞാനൊരു വലിയ വിജയ സിനിമയ്ക്ക് വേണ്ടി കാത്തിരിയ്ക്കുമ്പോഴാണ് അയാന്‍ എന്ന സിനിമയുമായി വന്നത്. ആ സിനിമയ്ക്ക് വേണ്ടി ഒരു സംവിധായകന്‍ എന്ന നിലയില്‍ നിങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവിശ്വസിനീയമാണ്. അയാന്‍ എന്ന ചിത്രത്തിന്റെ വിജയം എന്നെ എങ്ങിനെ എല്ലാവരുടെയും പ്രിയപ്പെട്ട താരമാക്കി എന്ന് ഇപ്പോള്‍ ഓര്‍ത്തു പോവുന്നു.
നിങ്ങള്‍ എന്റെ ആദ്യ സിനിമയുടെ ഭാഗമായതും, ഞാന്‍ നിങ്ങളുടെ അവസാന സിനിമയുടെ (കാപ്പാന്‍) ഭാഗമായതും പ്രകൃതിയുടെ അപാകതയാണ്.. നിങ്ങള്‍ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാവും.. ഹൃദയം നിറഞ്ഞ നന്ദി.. ആദരാഞ്ജലികള്‍”- സൂര്യ കുറിച്ചു.
https://www.instagram.com/p/COS39ger1Wf/?utm_source=ig_web_copy_link
ഭാര്യക്കും മകൾക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചതിനാൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന ആനന്ദ് ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മരിച്ചതിനുശേഷമാണ് കോവിഡാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്.
കോവിഡായതിനാൽ ആനന്ദിന്റെ മൃതദേഹം കുടുംബത്തിന് നൽകിയില്ല. ആദരാഞ്ജലിയർപ്പിക്കാൻ അടുത്ത കുടുംബാംഗങ്ങൾക്കുമാത്രം അല്പസമയം അനുവദിച്ചു. തുടർന്ന് ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ സംസ്കരിച്ചു. ആനന്ദിന് ഭാര്യയും രണ്ടുമക്കളുമുണ്ട്.
Post Your Comments