
കലാഭവന്‍ മണി നായകനായി 1999-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘മൈഡിയര്‍ കരടി’. മൃഗശാലയിലെ കരടി ചാടി പോകുന്നതും പിന്നീട് മൃഗശാലയിലെ ജീവനക്കാരന്‍ തന്നെ മാസ്ക് ധരിച്ചു കരടിയായി മാറുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഉദയകൃഷ്ണ-സിബി.കെ.തോമസ് രചന നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്തത് സന്ധ്യ മോഹനായിരുന്നു. ‘മൈഡിയര്‍ കരടി’ ആയിരുന്നു തന്റെ ആദ്യ മലയാള ചിത്രമെന്നും അതില്‍ തനിക്ക് അഭിനയിക്കാന്‍ അവസരം വാങ്ങി തന്നത് കോട്ടയം നസീര്‍ ആയിരുന്നുവെന്നും തുറന്നു പറയുകയാണ് കലാഭവന്‍ ഷാജോണ്‍.
കലാഭവന്‍ ഷാജോണിന്‍റെ വാക്കുകള്‍
“നിനക്ക് ഒരു വേഷമുണ്ട്, പക്ഷേ മുഖം പുറത്ത് കാണില്ല. പൂര്‍ണ്ണമായും മാസ്കിനുള്ളില്‍ ആയിരിക്കും. അതും കരടിയുടെ മാസ്ക്. പക്ഷേ നിനക്ക് പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ഉണ്ട്. ഇതായിരുന്നു ‘മൈഡിയര്‍ കരടി’ എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് കോട്ടയം നസീര്‍ ഇക്ക എന്നോട് പറഞ്ഞത്. കലാഭവന്‍ മണിയുടെ ശരീര പ്രകൃതിയുമായി യോജിക്കുന്ന എന്നെ ആ സിനിമയില്‍ നിര്‍ദേശിച്ചത് നസീര്‍ ഇക്കയായിരുന്നു. മാസ്കിനുള്ളില്‍ ആണ് അഭിനയമെങ്കിലും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് ആ കഥാപാത്രം ചെയ്യണമെന്ന് തോന്നി. അങ്ങനെ മുഖം കാണിക്കാതെ ഞാന്‍ ആദ്യത്തെ എന്റെ സിനിമ ചെയ്തു”. ഓര്‍മ്മകള്‍ പങ്കുവച്ചു കലാഭവന്‍ ഷാജോണ്‍ പറയുന്നു.
Post Your Comments