നടനെന്ന നിലയില്‍ ലാലിന് നിരവധി അംഗീകാരങ്ങള്‍ ആദ്യ സിനിമയായ ‘കളിയാട്ടം’ നേടി കൊടുത്തെങ്കിലും മധുപാല്‍ എന്ന സംവിധായകന്‍റെ ചിത്രങ്ങളിലൂടെയാണ് ലാല്‍ എന്ന നടന്‍ കൂടുതല്‍ വിസ്മയിപ്പിച്ചു തുടങ്ങുന്നത്. ‘തലപ്പാവും’, ‘ഒഴിമുറി’യും അംഗീകാരങ്ങളില്‍ മുങ്ങി കുളിച്ച സിനിമയാണ്. ആ രണ്ടു സിനിമകള്‍ ചെയ്തു കഴിഞ്ഞു താന്‍ മധുപാലിനു നല്‍കിയ ഒരു ഉപദേശത്തെക്കുറിച്ച് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് ലാല്‍. തന്നെ നായകനാക്കി വീണ്ടും വീണ്ടും സിനിമ ചെയ്യരുതേ എന്നായിരുന്നു മധുപാലിനോടുള്ള ഉപദേശവും, അപേക്ഷയുമെന്ന് ലാല്‍ പറയുന്നു.
ലാലിന്‍റെ വാക്കുകള്‍
“തലപ്പാവും, ഒഴിമുറിയും എന്നെ വച്ച് ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ മധുപാലിനോട് പറഞ്ഞ ഒരു കാര്യമുണ്ട്. ‘നിങ്ങള്‍ എന്നെ വിട്ടേക്കണം എന്നെ പോലെ ഒരു നടനെ മാറ്റിയിട്ടു തിയേറ്ററില്‍ ആളെ കൊണ്ട് വരാന്‍ കഴിയുന്ന ഒരു നടനെ വച്ചു സിനിമ എടുക്കണം. ഇനിയും എന്നെ വിളിക്കാനാണ് ഉദ്ദേശമെങ്കില്‍ ഞാന്‍ ഡേറ്റ് തരുന്ന പ്രശ്നമില്ല. സിനിമ എന്നാല്‍ കെട്ടിപൂട്ടി വയ്ക്കാനുള്ളതൊന്നുമല്ല. അത് നാലളുകള്‍ കാണേണ്ടത് തന്നെയാണ്. അതുകൊണ്ട് എന്നെ പോലെയുള്ള നടന്മാരെ വിട്ടിട്ടു കൊള്ളാവുന്ന ആരെയെങ്കിലും വച്ച് സിനിമ ചെയ്തോണം എന്നായിരുന്നു ഞാന്‍ മധുപാലിനു കൊടുത്ത ഉപദേശം. അഭിനയിക്കുമ്പോള്‍ കിട്ടുന്ന അംഗീകാരമൊക്കെ ശരി തന്നെ. അതില്‍ സന്തോഷവുമുണ്ട്. പക്ഷേ അത് കൂടുതല്‍ ആളുകള്‍ കാണുന്നില്ല എന്ന് അറിയുമ്പോള്‍ നമുക്കും ഒരു മടുപ്പും തോന്നും. തിയേറ്ററില്‍ ഓടാത്ത സിനിമ പിന്നീട് സിഡി കണ്ടിട്ട്, ‘ഉഗ്രന്‍ സിനിമ ആണല്ലോ എന്താ ഇത് ഹിറ്റാകാതിരുന്നത്’ എന്ന് ചിലര്‍ ചോദിക്കുന്നതിനോളം വലിയ ദേഷ്യമില്ല എനിക്ക്”. ലാല്‍ പറയുന്നു.
Post Your Comments