എന്‍റെ ആദ്യത്തെ വലിയ സിനിമ നന്ദനമോ, സ്റ്റോപ് വയലന്‍സോ അല്ല, അത് ഇതാണ്!: പൃഥ്വിരാജ്

സിനിമയെക്കുറിച്ച് ടെക്നിക്കലായൊക്കെ ചിന്തിച്ചത് 'വെള്ളിത്തിര' സിനിമ ചെയ്യുമ്പോഴാണ്

താന്‍ ചെയ്ത ആദ്യത്തെ വലിയ സിനിമ ഭദ്രന്‍ സംവിധാനം ചെയ്ത ‘വെള്ളിത്തിര’യാണെന്നും ആ സിനിമയില്‍ നിന്നാണ് താന്‍ ടെക്നിക്കലായുള്ള സിനിമകളുടെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കിയതെന്നും നടന്‍ പൃഥ്വിരാജ് പറയുന്നു. 2003-ല്‍ പുറത്തിറങ്ങിയ ‘വെള്ളിത്തിര’ ബോക്സ് ഓഫീസില്‍ വിജയിച്ച ചിത്രമായിരുന്നില്ല. നവ്യ നായര്‍ ഹീറോയിനായി അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘വെള്ളിത്തിര’ എന്ന സിനിമയെക്കുറിച്ച് പൃഥ്വിരാജിന്‍റെ വാക്കുകള്‍

“എന്റെ ആദ്യത്തെ വലിയ സിനിമ എന്ന് പറയുന്നത് ഭദ്രന്‍ സാര്‍ സംവിധാനം ചെയ്ത ‘വെള്ളിത്തിര’യാണ്. ഞാന്‍ ആദ്യമൊക്കെ ചെയ്തത് ‘നന്ദനം’ പോലെയുള്ള ‘സ്റ്റോപ് വയലന്‍സ്’ പോലെയുള്ള  താരതമ്യേനെ ചെറിയ സിനിമകളായിരുന്നു. ഞാന്‍ ആദ്യമായി വലിയ ഒരു ടീമിനൊപ്പം സിനിമ ചെയ്തത് ‘വെള്ളിത്തിര’യാണ്. അതില്‍ എസ്.കുമാര്‍ എന്ന ക്യാമറമാനും ഭദ്രന്‍ സാറും അങ്ങനെ രണ്ടു യൂണിവേഴ്സിറ്റികള്‍ക്കൊപ്പം, അട്ടപ്പാടിയില്‍ രണ്ടു മാസക്കാലമുള്ള ഷൂട്ടിംഗ് അനുഭവം എനിക്ക് വലിയ സിനിമ റഫറന്‍സ് ആണ് നല്‍കിയത്. സിനിമയെക്കുറിച്ച് ടെക്നിക്കലായൊക്കെ ചിന്തിച്ചത് ‘വെള്ളിത്തിര’ സിനിമ ചെയ്യുമ്പോഴാണ്. സംവിധായകന്‍ എന്ന നിലയില്‍ സാങ്കേതികപരമായി ഒരു സിനിമയെ എങ്ങനെ മികച്ചതാക്കാം എന്നൊക്കെ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത് ‘വെള്ളിത്തിര’ ചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു. സിനിമയെ സീരിയസായി കണ്ടതും അഭിനയത്തിനപ്പുറം കൂടുതല്‍ കാര്യങ്ങള്‍ ചിന്തിക്കാനും മനസ്സിലാക്കാനും സ്പേസ് നല്‍കിയ ചിത്രം കൂടിയായിരുന്നു വെള്ളിത്തിര”. പൃഥ്വിരാജ് പറയുന്നു.

Share
Leave a Comment