രസകരമായ തന്റെ ഒരു പഴയകാല അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ ഭീമന്‍ രഘു. പണ്ട് കാലത്ത് ഭാര്യയുമായി സിനിമ കാണാന്‍ പോയാലുണ്ടാകാവുന്ന അപകടത്തെക്കുറിച്ച് നടന്‍ ഭീമന്‍ രഘു തുറന്നു പറയുകയാണ്. സിനിമ കണ്ടു ഉറങ്ങി പോകുന്ന ശീലം ഭാര്യക്ക് ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ തിരികെ ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോള്‍ താന്‍ ചെയ്ത സൂത്രപണിയെയെക്കുറിച്ചും ഭീമന്‍ രഘു പറയുന്നു.
ഭീമന്‍ രഘുവിന്‍റെ വാക്കുകള്‍
“പോലീസ് സര്‍വീസില്‍ പ്രവേശിച്ച സമയത്തായിരുന്നു എന്റെ വിവാഹം. ഞാന്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സമയം. ലാസ്റ്റ് ഫ്‌ളൈറ്റുകൂടി പോയിക്കഴിഞ്ഞ ശേഷമാണ് ഞാന്‍ വീട്ടിലേക്കു പോകുന്നത്. വീട്ടിൽ ചെന്നതിന് ശേഷം ഭാര്യയുമായി ഒരു സിനിമ കാണാൻ തീയേറ്ററിൽ പോയി. ഹിന്ദി, തമിഴ് സിനിമകള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഞാന്‍ ആസ്വദിച്ച് കാണും. സുധ തിയേറ്ററില്‍ക്കിടന്ന് സുഖമായി ഉറങ്ങും. അതാണ് പതിവ്. അങ്ങനെ ഒരിക്കല്‍ സിനിമ കണ്ട് ഇറങ്ങി ക്വാര്‍ട്ടേഴ്‌സിലേക്ക് വരുന്നവഴിയില്‍ ഞാന്‍ ഓരോ കാര്യങ്ങള്‍ അവളോട് പറയുകയായിരുന്നു. പക്ഷേ തിരിച്ച് മറുപടിയൊന്നും കിട്ടുന്നില്ല. വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ എന്റെ പിറകില്‍ ചാരിക്കിടന്ന് ഉറങ്ങുകയാണ്. തട്ടിവിളിച്ചപ്പോള്‍ ഉറക്കച്ചടവില്‍നിന്നും അവള്‍ എഴുന്നേറ്റു. ബുള്ളറ്റില്‍ യാത്രചെയ്യുമ്പോള്‍ പിറകിലിരിക്കുന്ന ആള്‍ ഉറങ്ങിയാല്‍ എന്തൊക്കെ അപകടങ്ങള്‍ വരുമെന്നറിയാമോ എന്ന ചോദ്യത്തിന് അവള്‍ നല്‍കിയ മറുപടി എന്താണെന്നോ? “ഇന്ന് മാത്രമല്ലല്ലോ, എപ്പോഴും ഇങ്ങനെയല്ലേ വരുന്നത്!” എന്നായിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. ഒടുവില്‍ ഒരു സൂത്രം കിട്ടി.
സിനിമ കണ്ടിറങ്ങിവന്ന് ബുള്ളറ്റില്‍ ഇരിക്കുമ്പോള്‍ കട്ടിയുള്ള തുണികൊണ്ട് അവളെ ചേര്‍ത്ത് ഞാന്‍ വയറില്‍കെട്ടി വയ്ക്കും. അപ്പോള്‍പ്പിന്നെ വീടുവരെ സുരക്ഷിതമായി അവിടെത്തന്നെ ഇരുന്നോളും”-ഭീമന്‍ രഘു പറയുന്നു.
Post Your Comments