
സിനിമാ താരങ്ങളുടെ ഇഷ്ട സ്ഥലമാണ് മാലിദ്വീപ്. അടുത്തിടയിലായി നിരവധി സിനിമാ താരങ്ങളാണ് അവധി ആഘോഷിക്കാനായി മാലിദ്വീപിലേക്ക് എത്തുന്നത്. എന്നാൽ താരങ്ങളുടെ അവധി ആഘോഷങ്ങൾക്ക് തടയിട്ടുകൊണ്ട് പുതിയ പ്രഖ്യാപനവുമായി
എത്തിയിരിക്കുകയാണ് മാലിദ്വീപ് ടൂറിസം മന്ത്രാലയം. കോവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ വ്യാപിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് മാലിദ്വീപ്.
‘രാജ്യത്തെ ആരോഗ്യ സംരക്ഷണ ഏജൻസി ഏപ്രിൽ 27 മുതൽ ഇന്ത്യയിൽ നിന്ന് മാലിദ്വീപിലേക്കുള്ള യാത്രക്കാരെ ജനവാസമുള്ള ദ്വീപുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വിലക്കുന്നു എന്ന് മാലിദ്വീപിലെ ടൂറിസം മന്ത്രാലയം അറിയിച്ചു’. ‘കുറഞ്ഞ അസൗകര്യങ്ങളോടെ ടൂറിസം ഏറ്റവും സുരക്ഷിതമാക്കാൻ ഞങ്ങളുടെ ശ്രമത്തിൽ നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു’. -ട്വീറ്റിൽ മന്ത്രാലയം പറഞ്ഞു.
അതേസമയം കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ ശക്തി പ്രാപിക്കുന്ന സമയത്ത് ചില ബോളിവുഡ് താരങ്ങൾ മാലിദ്വീപിൽ വെച്ചുള്ള അവധിയാഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് വലിയ വിവാദമായി മാറിയിരുന്നു. നവാസുദ്ദീൻ സിദ്ദീഖി അടക്കമുള്ള പല താരങ്ങളും സാധാരണക്കാരും രൂക്ഷമായ രീതിയിലാണ് അതിനെതിരെ പ്രതികരിച്ചത്.
Post Your Comments