പ്രശാന്ത് മുരളി പത്മനാഭന്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ലാൽബാഗ്’. നടി മമത മോഹൻദാസ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ബംഗളൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്സ് ആണ് മംമ്തയുടെ കഥാപാത്രം. ചിത്രത്തിന്‍റെ റിലീസ് അനൗണ്‍സ്‍മെന്‍റ് ടീസര്‍ ഒരാഴ്ചയ്ക്കു മുന്‍പ് പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് സമയത്ത് ലൊക്കേഷനിലുണ്ടായ രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് പ്രശാന്ത്.
ബെംഗളൂരുവിൽ സിനിമാ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിൽ പെട്ടന്ന് ലൊക്കേഷനിലേക്ക് പോലീസ് കടന്നുവന്നു. ഷൂട്ടിങ് തടയാനായി ഓടി എത്തിയ അവർ പെട്ടെന്ന് സെറ്റിലെ പൊലീസിനെ കണ്ട് സല്യൂട്ട് അടിച്ചു. കെ ആർ പുരം ബ്രിഡ്ജിൽ ഷൂട്ട് ചെയ്യുമ്പോഴായിരുന്നു സംഭവം. ഇൻസ്പെക്ടറുടെ വേഷത്തിലായിരുന്ന നടൻ രാജേഷ് ദേവരാജിനെയാണ് ‘ഒറിജിനൽ’ പൊലീസ് ആണെന്നു കരുതി സെറ്റിലെത്തിയ പൊലീസ് സല്യൂട്ട് ചെയ്തത്.
പ്രശാന്തിന്റെ വാക്കുകൾ
“ബെംഗളൂരുവിൽ രാവിലത്തെ കനത്ത ഗതാഗതകുരുക്കിൽ ഈ റിഗ് ഷോട്ടുകൾ കെ ആർ പുരം ബ്രിഡ്ജിൽ ചിത്രീകരിക്കുക ആയാസമേറിയതായിരുന്നു. പോലീസ് ജീപ്പിന്റെ മുൻ ഗ്ലാസിൽ വീഴുന്ന ‘ബ്രിഡ്ജ് റെയിലുകളുടെ’ മാജിക്കൽ റിഫ്ലെക്ഷൻ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. രാഹുൽ ദേവ് ഷെട്ടിയുടെ എസിപി ഹെഗ്‌ഡേയും രാജേഷ് ദേവരാജിന്റെ ഇൻസ്പെക്ടർ അനന്തും തമ്മിൽ ഡ്രൈവിങിനിടയിൽ നടത്തുന്ന കുഴപ്പം പിടിച്ച ചില സംഭാഷണങ്ങളായിരുന്നു പകർത്തേണ്ടത്. നിരവധി ശ്രമങ്ങൾക്കൊടുവിലാണ് ആ തിരക്കേറിയ ബ്രിഡ്ജിൽ, ഏറ്റവും മികച്ച ഷോട്ടുകൾ ചിത്രീകരിക്കാനായത്. ഒടുവിൽ ഫൈനൽ ഔട്പുട്ട് കാണുമ്പോൾ സംതൃപ്തി തോന്നുന്നുണ്ട്, ഒപ്പം സന്തോഷവും. പരിശ്രമിക്കാതെ ഒന്നും നേടാനാകില്ലല്ലോ”.
ഷൂട്ടിങ് അനുഭവം പങ്കുവച്ച സംവിധായകനു മറുപടിയായി നടൻ രാഹുൽ ദേവ് ഷെട്ടിയാണ് അന്നു നടന്ന രസകരമായ സംഭവം ഓർമ്മപ്പെടുത്തിയത്. “ഷൂട്ടിങ് തടയാനെത്തിയ പൊലീസ് രാജേഷ് ദേവരാജിനെ കണ്ട് സല്യൂട്ട് അടിച്ചു തിരിച്ചു പോയത് പറയാൻ മറന്നു പോയോ,” എന്നായിരുന്നു രാഹുലിന്റെ കമന്റ്. മെയ് 28ന് റിലീസ് ചെയ്യാവുന്ന തരത്തിൽ ചിത്രത്തിന്റെ വർക്കുകൾ പുരോഗമിക്കുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
Post Your Comments