മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്കർ സൗദാൻ മലയാളത്തിനു പുറമേ തമിഴ് സിനിമയിലും സജീവമാകുകയാണ. മലയാളത്തില്‍ ‘മൈഡിയർ മച്ചാൻസ്’ എന്ന ആക്ഷൻ മൂവിയിലും പ്രധാന റോളിലെത്തുന്ന അഷ്കർ സൗദാൻ, ‘തസ്കരവീരൻ’ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സിനിമയിലെത്തുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോൾ കൂടെ അഭിനയിക്കാന്‍ തനിക്ക് പേടിയുണ്ടോ എന്ന് മാത്രമാണ് അദ്ദേഹം ചോദിച്ചതെന്നും മമ്മൂട്ടിയുടെ മേൽവിലാസം ഉപയോഗിച്ചു കൊണ്ടല്ല താൻ സിനിമയിൽ നിലനിൽക്കുന്നതെന്നും മനോരമയുടെ ‘ഞായറാഴ്ച’യിൽ സംസാരിക്കവേ അഷ്കര്‍ വ്യക്തമാക്കുന്നു.
അഷ്കര്‍ സൗദാന്‍റെ വാക്കുകള്‍
“തസ്കരവീരൻ എന്ന സിനിമയിൽ ബാലതാരമായാണ് ഞാൻ തുടങ്ങിയത്. ചെറിയ വേഷമായിരുന്നെങ്കിലും അതൊരു തുടക്കമായി. എന്നെ അഭിനയിപ്പിക്കുന്നതിനെപ്പറ്റി സംവിധായകൻ മമ്മുക്കയോട് അഭിപ്രായം ചോദിച്ചു. ഉടൻ അമ്മാവൻ എന്നെ വിളിച്ചു പേടിയുണ്ടോ എന്റെ കൂടെ അഭിനയിക്കാൻ എന്ന് മാത്രം ചോദിച്ചു. ചീത്തപ്പേര് കേൾപ്പിക്കരുതെന്ന് പ്രത്യേകം പറഞ്ഞു. എന്റെ സിനിമകൾ അദ്ദേഹം കണ്ടിട്ടുണ്ടോ എന്നറിയില്ല. അഭിപ്രായം പറഞ്ഞിട്ടില്ല. ചോദിച്ചിട്ടുമില്ല. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തിയതല്ല ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ അനുജൻ ഇബ്രാഹിം കുട്ടിയുടെ മകൻ മഖ്ബൂൽ സൽമാനും മമ്മൂട്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല. ഞാനും അങ്ങനെ തന്നെയാണ് വളരാൻ ആഗ്രഹിക്കുന്നത്. സ്വന്തം അധ്വാനത്തിലൂടെ വേണം വിജയം നേടാൻ എന്ന കാഴ്ചപ്പാടാണ് മമ്മൂട്ടിക്ക്”.
Post Your Comments