മുംബൈ: ബോളിവുഡ് സംഗീത സംവിധായകന് ശ്രാവണ്‍ റാത്തോഡ്(66) അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് മരണപ്പെട്ടത്.
മാഹിമിലെ എസ്.എല്‍ റഹേജ ആശുപത്രിയിലാണ് ശ്രാവണ്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോഡാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. പിതാവിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് സഞ്ജീവ് ട്വിറ്ററില്‍ കുറിച്ചു.
സംഗീത സംവിധായക ജോടിയായ നദീം-ശ്രാവണ്‍ കൂട്ടുകെട്ടിലെയാളാണ് ശ്രാവണ്‍ റാത്തോഡ്. ആരാധകരുടെ ഹൃദയം കവര്‍ന്ന പാട്ടുകള്‍ക്ക് ഈണം നല്കിയവരാണ് നദീം – ശ്രാവണ്‍ കൂട്ടുകെട്ട്. 1990ല്‍ റിലീസ് ചെയ്ത ആഷിഖി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ശ്രദ്ധേയമാകുന്നത്. 1991ല്‍ ‘ദില്‍ഹേ കി മാന്താ നഹീന്’ എന്ന ചിത്രവും ഗാനങ്ങളും സൂപ്പര്‍ ഹിറ്റ്. തൊട്ടു പിന്നാലെ ‘സാജന്’, ‘സാഥി’, ‘ഫൂല് ഔര്‍ കാണ്ഡെ’ തുടങ്ങി നിരവധി മെഗാഹിറ്റുകൾ അദ്ദേഹം ഒരുക്കി.
Post Your Comments