സിനിമയിൽ കൗണ്ടർ കോമഡി കളുടെ സുൽത്താനാണ് മുകേഷ്. ലൊക്കേഷനുകളിൽ പൊതുവേ ചിരി നിറച്ചു രസികനായി മാറാറുള്ള മുകേഷ് അതിന്റെ പേരിൽ തനിക്ക് നേരിട്ട് ഒരു ദുരനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. താൻ പറഞ്ഞു എന്ന പേരിൽ നടന്‍ ക്യാപ്റ്റന്‍ രാജുവിനോട് അദ്ദേഹത്തെ വേദനിപ്പിക്കുന്ന രീതിയിലുള്ള ഹാസ്യം മറ്റു ചിലർ പറഞ്ഞു നടന്നിട്ടുണ്ടെന്നും അത് താനും ക്യാപ്റ്റൻ രാജുവും തമ്മിലുള്ള അകലത്തിനു കാരണമായെന്നും മുകേഷ് പറയുന്നു. കമൽ സംവിധാനം ചെയ്ത ‘ഗോൾ’ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ആ തെറ്റിദ്ധാരണ മാറ്റിയതെന്നും ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ മുകേഷ് പങ്കുവയ്ക്കുന്നു.
മുകേഷിന്റെ വാക്കുകള്‍
“തമാശകൾ ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കുന്നതായിരിക്കരുത്. ഞാൻ ഒരുപാട് തമാശകൾ പറയാറുണ്ട്. പക്ഷേ അത് ആരെയും വ്യക്തിപരമായി വേദനിപ്പിക്കില്ല. ഒരാളെക്കുറിച്ച് അൽപ്പം കടന്നു പോയ തമാശ പറയുകയാണെങ്കിൽ അയാൾ ഇരിക്കുമ്പോൾ തന്നെ അത് പറയണം. അല്ലാതെ അയാളില്ലാത്തപ്പോൾ അത് മറ്റുള്ളവരോട് പറഞ്ഞാൽ അത് പരദൂഷണമായിത്തീരും. ഞാൻ പറഞ്ഞു എന്ന പേരിൽ ചിലർ വേദനിപ്പിക്കുന്ന തരത്തിലുള്ള തമാശയുണ്ടാക്കി നടൻ ക്യാപ്റ്റൻ രാജുവിനോട് ഒരിക്കല്‍ പറഞ്ഞുകൊടുത്തിരുന്നു. അദ്ദേഹത്തിനത് കേട്ടപ്പോൾ ദേഷ്യം വന്നു. ആ ദേഷ്യം മനസ്സിൽ സൂക്ഷിച്ചതിനാൽ എന്നോട് ഒരുപാട് നാൾ മിണ്ടിയില്ല. എനിക്കും ആ തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞതുമില്ല. കമൽ സംവിധാനം ചെയ്ത ‘ഗോൾ’ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് അദ്ദേഹത്തിന്‍റെ തെറ്റിദ്ധാരണ എനിക്ക് തിരുത്താന്‍ കഴിഞ്ഞത്.ഓരോ തമാശ പറയുമ്പോഴും നമുക്കൊരു ഉത്തരവാദിത്തമുണ്ട്. ആരെയും വേദനിപ്പിക്കരുത് എന്ന ഉത്തരവാദിത്തം”. മുകേഷ് പറയുന്നു.
Post Your Comments