ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രം ‘ജോജി’ ഒടിടി പ്ലാറ്റ് ഫോമിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുമ്പോൾ മലയാളത്തിലെ ഒരു ക്ലാസിക് സിനിമയുമായി ജോജിക്ക് സാമ്യമുണ്ടെന്ന് പ്രേക്ഷകർ വിലയിരുത്തുന്നുണ്ട്. 1985-ൽ കെ.ജി ജോർജ്ജ് സംവിധാനം ചെയ്ത ‘ഇരകൾ’ എന്ന സിനിമയുടെ പുത്തൻ ആവിഷ്കാരമാണ് ജോജിയിൽ പറയുന്നതെന്നാണ് ചില പ്രേക്ഷകരുടെ അഭിപ്രായം. എന്നാൽ ‘ഇരകൾ’ എന്ന സിനിമ മുന്നോട്ടുവെച്ച ആശയമല്ല ‘ജോജി’യിൽ പറയുന്നതെന്നും ‘ഇരകൾ’ എന്ന സിനിമയുമായി ബന്ധപ്പെട്ടു ബോധപൂർവ്വമായ ഒരു പ്രചോദനം ‘ജോജി’ ചെയ്തപ്പോൾ സംഭവിച്ചിട്ടില്ലെന്നും ഒരു എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കവേ ദിലീഷ് പോത്തൻ വ്യക്തമാക്കുന്നു.
ദിലീഷ് പോത്തന്റെ വാക്കുകൾ
“ജോജിക്ക് ‘ഇരകൾ’ എന്ന സിനിമയുമായി ബോധപൂർവ്വമായ പ്രചോദനം ഇല്ലെന്നതാണ് യാഥാർത്ഥ്യം. കെ.ജി ജോർജ് സാർ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള ഡയറക്ടറാണ്. ‘ഇരകൾ’ എന്ന സിനിമയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ബോധപൂർവം എന്തായാലും അങ്ങനെയൊരു പ്രചോദനം വന്നിട്ടില്ല. അറിഞ്ഞോ അറിയാതെയോ നമ്മൾ കണ്ടിട്ടുള്ള കാഴ്ചകൾ നമ്മൾ ചെയ്ത സിനിമയിലേക്ക് വന്നേക്കാം. ഇരകളുടെ ചില ലുക്കുകൾ ഒക്കെ ജോജിക്ക് തോന്നിയേക്കാം. പക്ഷേ ഇരകൾ മുന്നോട്ടുവയ്ക്കുന്ന ആശയമല്ല ജോജിയിൽ പറയുന്നത്. മധ്യകേരളത്തിലെ ഒരു റബ്ബർ എസ്റ്റേറ്റിനു നടുവിലുള്ള റബ്ബർ മുതലാളിയുടെ കുടുംബത്തിലെ കഥ പറയുമ്പോൾ കാഴ്ചയിൽ പ്രദേശത്തിന്റെ അടയാളപ്പെടുത്തലൊക്കെയായിട്ട് ചില സാമ്യതകൾ തോന്നിയേക്കാം”.
Post Your Comments