രജീഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ റിജി നായർ സംവിധാനം ചെയ്ത ‘ഖോ ഖോ’ എന്ന ചിത്രം പുതുമയുള്ള സിനിമാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ‘ഖോ ഖോ’ എന്ന കായികയിനത്തെ മുൻനിർത്തി സിനിമ പറഞ്ഞ രാഹുൽ റിജി നായർ അത്തരമൊരു സിനിമ ചെയ്യാൻ തയ്യാറെടുത്തപ്പോഴുണ്ടായ റിസ്കിനെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തിന്റെ വരാന്തപതിപ്പിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ്
“സ്ത്രീപക്ഷ സിനിമ ബോധപൂർവം ചെയ്യുന്നതല്ല, സംഭവിക്കുന്നതാണ്. ആദ്യസിനിമ ക്യാമറയോടൊപ്പം കഷ്ടപ്പാടിന്റെ കഠിനതകൾ തോളിലും നെഞ്ചിലേറ്റി നടന്ന ഞങ്ങൾ. സിനിമ മോഹികളായ ടെക്കികളുടെ പ്രാണപ്രയാണമായിരുന്നെങ്കിൽ അടുത്ത സിനിമ ‘ഡാകിനി’. വാർദ്ധക്യത്തിൽ ഉശിരും, തമാശയും ഒട്ടും വിട്ടുകളയാത്ത നന്മ നിറഞ്ഞ നാല് സ്ത്രീ ജീവിതങ്ങളെ കുട്ടികൾക്ക് കൂടി ഇഷ്ടപ്പെടുന്ന തരത്തിൽ ചെയ്യാൻ ശ്രമിച്ചതാണ്. പിന്നെ ചെയ്ത ‘കള്ളനോട്ടം’ ഒരു കുട്ടി സിനിമയാണെങ്കിലും വലിയവരിലേക്ക് വളരുന്ന ഇതിലും ഒരു പെൺകോയ്മ അറിയാതെ വന്നു. എന്നാൽ അവിടെ നിന്ന് ‘ഖോ ഖോ’യിലെത്തുമ്പോൾ ഇരുണ്ട തുരുത്തിന്റെ ഒറ്റപ്പെടലുകളെ കായികതയുടെ ഘോരാരവങ്ങളോടെ വെളിച്ചത്തിലേക്കെത്തിക്കാൻ ശ്രമിച്ച പെണ്ണുയിർപ്പാണ്. സ്ത്രീ എനിക്കെന്നും ശക്തിയുടെ അമ്മയാണ്. തണലിന്റെ സ്ത്രീയാണ്.
വർഷങ്ങൾക്കു മുമ്പ് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ഒരു സ്കൂളിലെ പെൺകുട്ടികളെ ‘ഖോ ഖോ’ പരിശീലിപ്പിച്ചു ആ സ്കൂളിന്റെയും നാടിന്റെയും പെരുമ ദേശീയതലത്തിലേക്ക് ഉയർത്തിയ ഒരു അധ്യാപകന്റെ കഥ വായിച്ചറിഞ്ഞിരുന്നു. ഇന്ത്യൻ ഗ്രാമീണതയുടെ സ്പർശമുള്ള ഈ കളി മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഇത് പ്രചോദനമായി. ശരിക്കും സിനിമയ്ക്കുവേണ്ടി അത്ര പരിചയമില്ലാത്ത ഈ സ്പോർട്സ് പഠിച്ചു. സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ ഈ കളിയിൽ പ്രാവീണ്യം തെളിയിച്ചവരെ തിരഞ്ഞെടുത്ത് സിനിമ പരിശീലനം നൽകി. അത്ഭുതപ്പെടുത്തിയ ഒരു കാര്യം തങ്ങളുടെ കായികതയുടെ ഉശിരിനെ സിനിമയുടെ കലയിലേക്ക് അസാമാന്യ പാടവത്തോടെ ഈ 15 കുട്ടികൾ സമന്വയിപ്പിക്കുന്നതാണ്”.
Post Your Comments