തമിഴ് സിനിമ ഹാസ്യതാരം വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും സിനിമാ ലോകം. നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അദ്ദേഹം അഭിനയിച്ചെങ്കിലും, വിവേകിന് ജീവിതത്തിൽ ഒരു ഒറ്റ സൂപ്പർസ്റ്റാർ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് മറ്റാരുമല്ല ഇന്ത്യയുടെ മിസൈൽ മാൻ ഡോ. എ.പി.ജെ. അബ്ദുൽ കലാം ആണ് അത്. പൊതുവേദികളിലും എവിടെയും എപ്പോഴും അഭിമാനത്തോടെ വിവേക് പറഞ്ഞിരുന്നത് കലാമിനെക്കുറിച്ചായിരുന്നു.
കലാമുമായി വിവേകിനുണ്ടായിരുന്നത് ആത്മബന്ധമായിരുന്നു. ‘കലാം അയ്യാ’ എന്നാണ് എപ്പോഴും ആദരവോടെ വിവേക് അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്. കൂടാതെ തമിഴ്നാട്ടിലുടനീളം ഒരു കോടി മരങ്ങൾ നടണമെന്ന അബ്ദുൽ കലാമിന്റെ ഉപദേശം യാഥാർഥ്യമാക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു വിവേക്.
ആഗോള താപനത്തിനെതിരെ ‘ഗ്രീൻ കലാം’ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വിവേകിനെ സിനിമയിലെ തന്റെ പ്രിയ ചങ്ങാതിയെന്നാണ് കലാം വിശേഷിപ്പിച്ചത്. ‘ഗ്രീൻ കലാം’പദ്ധതിയുടെ ഭാഗമായി 37 ലക്ഷത്തിലധികം മരങ്ങളാണ് വിവേകിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലുടനീളം നട്ടത്. തന്റെ സിനിമകളിൽ പലപ്പോഴും അബ്ദുൽ കലാമിന്റെ പേര് ബഹുമാനത്തോടെ വിവേക് പരാമർശിച്ചിരുന്നു.
ഡൽഹിയിൽ ശിവാജിയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് , ഒരു ടെലിവിഷൻ ചാനലിനായി രാഷ്ട്രപതി ഭവനിൽ കലാമുമായുള്ള അഭിമുഖം നടത്താനുള്ള അപൂർവ അവസരവും വിവേകിനു ലഭിച്ചിരുന്നു.
Post Your Comments