‘ജല്ലിക്കെട്ട്’ എന്ന സിനിമ ഭാഷതിര്‍ത്തികള്‍ കടന്നു ലോക സിനിമാ പ്രേമികള്‍ക്ക് അത്ഭുത സിനിമയായി മാറിയപ്പോള്‍ അതിനു പിന്നില്‍ താന്‍ ഉള്‍പ്പടെയുള്ളവര്‍ എടുത്ത കഠിനാധ്വാനത്തെക്കുറിച്ച് തുറന്നു പറയുകയാണ് ചിത്രത്തിന്റെ ക്യാമറ വര്‍ക്ക് ചെയ്ത ഗിരീഷ് ഗംഗാധരന്‍. മൃഗങ്ങളെ വച്ച് മുന്‍പ് ചെയ്തിട്ടുള്ള ചില സിനിമകള്‍ കോമാളിക്കളിയായി മാറുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണെന്നും അതിനാല്‍ തന്നെ പോത്ത് ഹീറോയായ ഒരു സിനിമ ചെയ്യുമ്പോള്‍ അതിനു അതിന്റെതായ റിസ്ക് ഉണ്ടായിരുന്നുവെന്നും അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജല്ലിക്കെട്ട് എന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ വീണ്ടും പങ്കുവച്ചു കൊണ്ട് ഗിരീഷ് ഗംഗാധരന്‍ പറയുന്നു.
ഗിരീഷ് ഗംഗാധരന്റെ വാക്കുകള്‍
“ലിജോയുടെ കൂടെ ‘അങ്കമാലി ഡയറീസ്’ ചെയ്തതിനു ശേഷമാണ് ജല്ലിക്കെട്ടിന്റെ കഥ ഞാൻ കേൾക്കുന്നത്. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് തീരെ പരിചിതമല്ലാത്ത കഥാപരിസരം ആണെന്ന് തിരിച്ചറിഞ്ഞു. അതിനു പ്രധാന കാരണം സാധാരണ സിനിമകളിലെ പോലെ മനുഷ്യനല്ല ഹീറോ, മറിച്ച് പോത്താണ്. അതുപോലെ ഒരു മലയോര ഗ്രാമത്തിൽ വച്ചാണ് സിനിമ കഥ പറയുന്നത്. സിനിമയിലെ പ്രധാന ഭാഗങ്ങൾ എല്ലാം നടക്കുന്നത് രാത്രിയിലാണ്. ഇതെല്ലാം ഒരുമിക്കുന്നൊരു സിനിമ എന്നതായിരുന്നു പ്രധാന വെല്ലുവിളി. കാരണം അത്തരം ഒരു സിനിമ ഞാൻ മുന്‍പ് ചെയ്തിട്ടില്ല. എന്റെ അറിവിൽ മലയാളത്തിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സിനിമ ഉണ്ടാകുന്നത്. അതിനാൽ തന്നെ ചെറിയൊരു പാളിച്ച ഉണ്ടായാൽ തന്നെ അത് സിനിമയെ ബാധിക്കും. കാരണം മൃഗങ്ങളെ വെച്ചെടുത്ത ചില സിനിമകള്‍ കോമാളിക്കളി മാത്രമായി മാറിയത് നമ്മൾ കണ്ടിട്ടുണ്ട്. പതിവ് പോലെ ലൊക്കേഷനുകള്‍ പോയി കാണുകയും നമുക്ക് എന്തൊക്കെ ആവശ്യമായിവരും എന്ന് കണ്ടെത്തുകയയുമാണ് ആദ്യം ചെയ്തത്. ഓരോഘട്ടത്തിലും വളരെ ഭംഗിയായി തന്നെ മുന്നൊരുക്കങ്ങൾ ചെയ്തു എന്നതാണ് വിജയ കാരണം”.
Post Your Comments