
തമിഴ് നടൻ വിവേകിന്റെ മരണം കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണ് എന്ന ആരോപണത്തെ തള്ളി മെഡിക്കൽ സംഘം. അദ്ദേഹത്തിന്റെ യഥാർത്ഥമരണ കാരണത്തിന്റെ റിപ്പോർട്ടുകളും മെഡിക്കൽ സംഘം പുറത്തുവിട്ടു. വിവേക് കടുത്ത ഹൃദ്രോഗി ആയിരുന്നെന്നും അദ്ദേഹത്തിന്റെ ഇടതു കൊറോണറി ആർട്ടറിയിൽ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നതായും ഡോക്ടർമാർ വ്യക്തമാക്കി.
ഹൃദ്രോഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന ഒന്നല്ലെന്നും വിവേക് കോവിഡ് നെഗറ്റീവ് ആയിരുന്നെന്നും താരത്തെ ചികിൽസിച്ച വടപളനിയിലെ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട്സ് ഫോർ മെഡിക്കൽ സയൻസിലെ ഡോക്ടർമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞു വീണ വിവേകിനെ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്കാണ് കുടുംബാംഗങ്ങൾ ആശുപത്രിയിലേയ്ക്കു കൊണ്ടുവരുന്നത്. ”ആശുപത്രിയിൽ എത്തിച്ച ഉടനെ എമർജെൻസി ടീമും കാർഡിയോളജി ടീമും ചേർന്ന് അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് തിരികെ കൊണ്ടുവരുന്നിന് പരിശ്രമിക്കുകയായിരുന്നു. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ നൂറ് ശതമാനം ബ്ലോക്ക് ആണ് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്യുകയായിരുന്നെന്ന്” മെഡിക്കൽ സംഘം പറഞ്ഞു.
വിവേകിന്റേത് അക്യൂട്ട് കൊറോണറി സിൻഡ്രോം ആയിരുന്നെന്ന് ഡോക്ടർമാർ പറയുന്നു. ഇത് ഹൃദയസംബന്ധിയായ പ്രശ്നമാണ്. ഈ രോഗാവസ്ഥയും കോവിഡും തമ്മിൽ ബന്ധമില്ല. പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് ഇല്ലായിരുന്നെന്ന് സ്ഥിരീകരിച്ചിരുന്നു. ഇടത് കൊറോണറി ആര്‍ട്ടറിയിലെ ബ്ലോക്ക് മാറ്റിയതിനു ശേഷം ഹൃദയമിടിപ്പിൽ പുരോഗതി കണ്ടിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
കടുത്ത ഹൃദയാഘാതമായിരുന്നു നടന് സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ശരീരത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞിരുന്നു. അദ്ദേഹത്തിന് ഹൃദയത്തിൽ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നു. അതുമൂലം വെൻട്രികുലർ ഫിബുലേഷൻ അവസ്ഥയിലായിരുന്നു അദ്ദേഹം. ഹൃദ്രോഗം പോലുള്ള അസുഖങ്ങൾ ഒന്നു രണ്ടു ദിവസങ്ങളിൽ ഉണ്ടാകുന്നതല്ലെന്നും മെഡിക്കൽ സംഘം ചൂണ്ടിക്കാട്ടി.
ഒരാഴ്ച മുൻപാണ് വിവേക് കോവിഡ് വാക്സീൻ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നു അത്. താൻ കോവിഡ് വാക്സീൻ സ്വീകരിക്കുന്നത് സമൂഹത്തിന് മാതൃകയാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായും താരത്തെ ചികിൽസിച്ച ഡോക്ടർ പങ്കുവച്ചു. കൂടാതെ സർക്കാർ നൽകിയിരിക്കുന്ന പ്രോട്ടോകോൾ അനുസരിച്ച് ഹൃദയസംബന്ധിയായ രോഗമുള്ളവരും ക്യാൻസർ, കിഡ്നി രോഗികളും നിർബന്ധമായും വാക്സീൻ സ്വീകരിക്കണമെന്നും മെഡിക്കൽ സംഘം അറിയിച്ചു.
Post Your Comments