മോളിവുഡ് എന്നറിയപ്പെടുന്ന മലയാള സിനിമ ലോകം ഇന്ന് എല്ലാ അർത്ഥത്തിലും പടർന്ന് പന്തലിച്ചു നിൽക്കുന്ന മായാ വിസ്മയമാണ്. പച്ചയായ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന മലയാള സിനിമ എന്നും മറ്റ് സിനിമ മേഖലകളിൽ വേറിട്ട് നിന്നിരുന്നു. നടന വിസ്മയം വെള്ളിത്തിരയിൽ തീർക്കുന്ന കലാകാരന്മാരെ കൊണ്ടും, ഗന്ധർവലോകത്തെ പോലും പുളകം കൊള്ളിക്കുന്ന സംഗീത പ്രതിഭകളെ കൊണ്ടും, കണ്ണുനീരിൽ ആഴ്ത്തിയും, പൊട്ടിചിരിപ്പിച്ചും, ജീവിതയാഥാർഥ്യം തുറന്നു കാട്ടുന്ന ശക്തമായ തിരക്കഥകൾ ഒരുക്കുന്ന കഥാകൃത്തുക്കളെ കൊണ്ടും അനുഗ്രഹീതമാണ് നമ്മുടെ മലയാള സിനിമ. ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 10 മലയാള സിനിമകളെക്കുറിച്ച്:
1. മരക്കാർ: അറബിക്കടലിന്റെ സിംഹം
സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ കുഞ്ഞാലി മരക്കാർ നാലാമനായി എത്തുന്നത് മോഹൻലാൽ ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ, മഞ്ജു വാരിയർ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, പ്രഭു, നെടുമുടി വേണു, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, മുകേഷ്, സിദ്ദിഖ്, മാമുക്കോയ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ദേശീയ ചലച്ചിത്ര പുരസ്‌കാരം മരക്കാറിനെ തേടിയെത്തി. രണ്ടു പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും, മികച്ച വിഎഫ്എക്സിനുള്ള പുരസ്കാരവുമാണ് ലഭിച്ചത്. എന്നാൽ കുഞ്ഞാലി മരക്കാരെ പോലുള്ള ചരിത്ര നായകരുടെ കഥ പറയുന്ന ചിത്രത്തിന് പുതിയ കാലത്ത് കേന്ദ്ര സർക്കാരിൽ നിന്നും അവാർഡുകൾ ലഭിക്കുക എന്നത് ആശങ്ക ഉളവാക്കുന്നതാണ് എന്ന വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ഈ കാരണങ്ങളൊക്കെ മുൻനിർത്തി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.
2. കുറുപ്പ്
ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം അഞ്ച് ഭാഷകളിലായി പ്രേക്ഷകരിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്.
ദുൽഖറിന്റെ അരങ്ങേറ്റ ചിത്രം സെക്കന്റ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രൻ. ദുൽഖറിന്റെ ഉടമസ്ഥയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മംഗളൂർ, മൈസൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം മെയ് 28 ന് പ്രദർശനത്തിനെത്തും.
3. മാലിക്
സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ഫഹദ് ഫാസിൽ മഹേഷ് നാരായൺ കൂട്ടുകെട്ടിലെത്തുന്ന മാലിക്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് മാലിക് ഒരുങ്ങുന്നത്. അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയി ഫഹദ് എത്തുന്ന ചിത്രം മെയ് 13 മുതൽ തിയേറ്ററുകളിലെത്തും.
ഫഹദിന്റെ കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകളും നേരത്തെ പുറത്തുവിട്ട പോസ്റ്ററിലും ട്രെയിലറിലും കാണാൻ കഴിയും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്. നേരത്തെ നിമിഷ സജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഇതുവരെ കാണാത്ത പുതിയ ലൂക്കിലെത്തിയ നിമിഷയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശംസ പിടിച്ചുപറ്റി. നിമിഷ സജയനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഫഹദുമുണ്ട്. അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു.
4. മിന്നൽ മുരളി
ടൊവിനോ തോമസ് ബേസിൽ ജോസഫ് കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രമാണ് മിന്നൽ മുരളി. ഗോദ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന വിശേഷണവും മിന്നൽ മുരളിയ്ക്കുണ്ട്. നേരത്തെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ മിന്നൽ മുരളിയുടെ ട്രെയിലർ തന്നെയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഈ ടൊവിനോ-ബേസിൽ ചിത്രം ഇടം നേടിയത്.
മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായി എത്തുന്ന ചിത്രം ഓണത്തിനാകും തിയേറ്ററുകളിലെത്തുക. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയ നിരവധി താരങ്ങൾ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
5. കുരുതി
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘കുരുതി’. മനുവാര്യർ സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയ മേനോനാണ് നിർമ്മിക്കുന്നത്. അനീഷ് പള്ളിയിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സസ്പെൻസ് നിറഞ്ഞ രംഗങ്ങളിൽ പകയുടെയും വെറുപ്പിന്റെയും കഥ പറയുന്ന ചിത്രമാണ് കുരുതി.
എന്നാൽ പൂർണമായും സിനിമയെ കുറിച്ചുള്ള ചിത്രം ഇതുവരെ പുറത്തുവന്നിട്ടില്ല. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, സാഗർ സൂര്യ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
6. തുറമുഖം
രാജീവ് രവി സംവിധാനത്തിൽ നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘തുറമുഖം’. കെ എം ചിദംബരന്‍ രചിച്ച ‘തുറമുഖം’ നാടകത്തെ ആസ്പദമാക്കിയാണ് സിനിമ. അദ്ദേഹത്തിന്റെ മകനായ ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
കൊച്ചി തുറമുഖത്ത് അന്‍പതുകളുടെ തുടക്കത്തില്‍ നടന്ന തൊഴിലാളി സമരങ്ങളും വെടിവയ്പ്പുമെല്ലാം ആധാരമാക്കിയുള്ളതായിരുന്നു കെ എം ചിദംബരത്തിന്റെ നാടകം. ബിജു മേനോന്‍, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്. മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
7. കുറ്റവും ശിക്ഷയും
ആസിഫ് അലിയെ പ്രധാനകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുറ്റവും ശിക്ഷയും’. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലി, ഷറഫുദ്ധീൻ, സണ്ണി വെയ്ൻ, സെന്തിൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഫിലിംറോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺകുമാർ വി ആറാണ് നിർമ്മാണം. ബി അജിത്കുമാർ എഡിറ്റിഗും സുരേഷ് കുമാർ ഛായാഗ്രാഹണംവും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഡോൺ വിൻസെന്റാണ്. പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. ചിത്രം ജൂലൈ രണ്ടിന് തിയേറ്ററുകളിലെത്തും.
8. വൂൾഫ്
ജി ആർ ഇന്ദുഗോപന്റെ ചെറുകഥാ ആസ്പദമാക്കി ഷാജി അസിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൂൾഫ്’. നേരത്തെ തന്നെ സിനിമയുടെ ട്രെയിലറും ഫോട്ടോസുകളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഈ കൊച്ചു ചിത്രത്തിനായി കാത്തിരിപ്പായി മലയാളികൾ. സന്തോഷ് ദാമോദരൻ നിർമിക്കുന്ന ചിത്രത്തിൽ സംയുക്ത മേനോൻ, അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.
ചിത്രം ത്രില്ലർ ഗണത്തിൽ പ്പെടുന്നതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചുരുങ്ങിയ കഥാപാത്രങ്ങൾ മാത്രമുള്ള ഇമോഷണൽ ത്രില്ലർ ആയിരിക്കും വൂൾഫ്. ഫായിസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
9. ‘അജഗജാന്തരം’
സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ആന്റണി വർഗീസ് പെപ്പെയും ടിനു പാപ്പച്ചനും വീണ്ടുമൊന്നിക്കുന്ന ‘അജഗജാന്തരം’. ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ നർമ്മത്തിന്റെ മേമ്പൊടിയോടെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
ആക്ഷൻ രംഗങ്ങൾക്ക് വളരെ പ്രാധാന്യം ഉള്ളതുകൊണ്ടുതന്നെ പെപ്പെയുടെ ആദ്യ ബിഗ് ബജറ്റ് ചിത്രമാണിത്. സിൽവർ ബേ പ്രൊഡക്ഷസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും, വിനീത് വിശ്വവുമാണ്.
ചിത്രത്തിൽ അർജുൻ അശോകനും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ്മ, സബ് മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം മെയ് 28 മുതൽ പ്രദർശനത്തിനെത്തും.
10. വെയിൽ
ഏറെ വിവാദങ്ങൾക്കൊടുവിൽ ഷെയ്ൻ നിഗം നായകനായി എത്തുന്ന ചിത്രമാണ് വെയിൽ. നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് നിർമിച്ചിരിക്കുന്നത്. ഷെയ്ൻ നിഗവും ജോബി ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് നിരവധി തവണ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് വെയിലിൽ.
ഷാസ് മുഹമ്മദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് പ്രദീപ് കുമാറാണ്. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി കൈകാര്യം ചെയ്യുന്നു. അതേസമയം ടി കെ രാജീവ് സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം ചിത്രം ബർമുടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ഷെയ്ൻ നിഗത്തിനൊപ്പം വിനയ് ഫോർട്ടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ജൂൺ നാലിന് പ്രദർശനത്തിനെത്തും.
Post Your Comments