സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ആമസോൺ പ്രൈമിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം രാജയമൊട്ടാകെ ചർച്ചചെയ്യപ്പെട്ടു. നിരവധി താരങ്ങൾ ഉൾപ്പടെയുള്ളവർ സിനിമയ്ക്കു ആശംസയുമായെത്തി. ഇപ്പോഴിതാ സിനിമയെ അഭിനന്ദിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രം ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും സമൂഹത്തിലെ ഇത്തരം വേര്‍തിരിവുകളെ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ട് മാറ്റിമറിക്കാനാകില്ലെന്ന് ചിത്രം തെളിയിക്കുന്നുവെന്നും ചന്ദ്രചൂഢ് പറഞ്ഞു.
”ഷാങ്ഹായി ഫിലിംഫെസ്റ്റിവല്‍ 2021 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ കണ്ടു. ഇന്നത്തെ കേരളീയ സമൂഹ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണിത്. വിവാഹം കഴിഞ്ഞ് ഭർത്താവിൻ്റെ വീട്ടിലെത്തുന്ന വധുവിൻ്റെയും ചുറ്റുപാടുകളെയും പറ്റിയാണ് ചിത്രം പറയുന്നത്. ഗാര്‍ഹിക, പാചക ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന വധുവിന്റെ മാനസിക സംഘര്‍ഷങ്ങള്‍, തനിക്ക് ഇഷ്ടപ്പെട്ട ജോലി തെരഞ്ഞെടുന്നതില്‍ അവള് നേരിടുന്ന വിലക്ക് എന്നിവയെല്ലാം ചിത്രത്തിൽ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഇതിനിടയിൽ കുടുംബത്തിലെ പുരുഷന്മാര് ഒരു തീര്‍ത്ഥാടനത്തിന് പോകാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി , ആര്‍ത്തവത്തിന്റെ പേരിലനുഭവിക്കുന്ന അയിത്തവും ചിത്രത്തിൽ പറയുന്നു. സുപ്രീം കോടതി വിധിയെപ്പറ്റിയുള്ള വാര്‍ത്തകളും ചിത്രത്തിലെ സ്ത്രീയുടെ ജീവിതവുമായി ചേര്‍ത്ത് വെയ്ക്കപ്പെടുന്നുണ്ട്. പക്ഷേ, പുരുഷന്മാരോടൊപ്പം തനിക്കും തീർത്ഥാടനത്തിന് പോകണമെന്നല്ല ഇവർ പറയുന്നത്, ലിംഗ വിവേചനത്തിന്റെ പേരില്‍ തന്റെ നിലനില്‍പ്പിനായുള്ള സമരമാണ് അവള് നടത്തുന്നത്” – ചന്ദ്രചൂഢ് കുറിച്ചു.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ബെഞ്ചിലെ അംഗമായിരുന്നു ഡി.വൈ ചന്ദ്രചൂഢ്. വിധി പുറപ്പെടുവിച്ചശേഷം തനിക്ക് ഭീഷണി ഉണ്ടായിരുന്നതായി അദ്ദേഹം നേരത്തേ വെളിപ്പെടുത്തിയിരുന്നു.
Post Your Comments