ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ദിലീഷ് പോത്തൻ ചിത്രം ജോജിക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്കരനാണ്. ഇപ്പോഴിതാ സിനിമയെ പ്രശാസിച്ച് പ്രശസ്ത ഹോളിവുഡ് താരം ഗജരാജ് റാവു പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റ് മലയാള സിനിമ സംവിധായകർക്കും എന്ന അഭിസംബോധനയോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ഇക്കാര്യങ്ങൾ പറയുന്നതിൽ തനിക്ക് ഖേദമുണ്ടെന്നും എന്നാൽ പറയാതിരിക്കാനാകില്ലെന്നും കത്തിന്റെ തുടക്കത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നു.
“മതി. നിങ്ങൾ നിരന്തരം യഥാർത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാർത്ഥതയോടെ അവതരിപ്പിക്കുകയും അത് നല്ല സിനിമയാക്കുന്നതും അത്ര ശരിയല്ല. മറ്റ് പ്രാദേശിക സിനിമകളിൽ നിന്ന് നിങ്ങൾ ഒന്നോ രണ്ടോ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഇവിടെ ഞങ്ങളുടെ ഹിന്ദിയിൽ നിന്ന്. നിങ്ങൾ ചില സാധാരണ ജോലികളും ചെയ്യേണ്ടതുണ്ട്. മടുപ്പിക്കുന്ന മാർക്കറ്റിങ് കാമ്പെയ്നുകളും പ്രമോഷനുകളും എവിടെയാണ്? ആത്മാവില്ലാത്ത റീമേക്കുകൾ എവിടെയാണ്? വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? ഇത് അൽപ്പം കടന്ന കൈയ്യാണ്.
ഞാനീ പറഞ്ഞതൊന്നും നിങ്ങൾ കാര്യമായി എടുക്കില്ലെന്നും ഇനിയും നല്ല സൃഷ്ടികൾ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഈ മഹാമാരി അവസാനിക്കുമ്പോൾ നിങ്ങളുടെ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ കാണാൻ ഒരു പാക്കറ്റ് പോപ്കോണുമായി ഞാൻ റെഡിയായിരിക്കും,” ഗജരാജ് റാവു കുറിച്ചു.
https://www.instagram.com/p/CNo4OG6p7dG/?utm_source=ig_web_copy_link
Post Your Comments