‘ജോജി’യിലെ പനച്ചേല്‍ കുട്ടപ്പനെ അവിസ്മരണീയമാക്കിയ പിഎന്‍ സണ്ണി എന്ന നടനിപ്പോള്‍ സൂപ്പര്‍ താര ഇമേജിനേക്കാള്‍ വലുതായി കഴിഞ്ഞു. ‘സ്ഫടികം’ എന്ന സിനിമയിലെ തൊരപ്പന്‍ ബാസ്സിനെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ മനസിലാകാന്‍ ജോജി എന്ന സിനിമയുടെ ഉദയം വരെ കാത്തിരിക്കേണ്ടി വന്നു. സ്ഫടികത്തിന് ശേഷം താന്‍ എന്തുകൊണ്ട് സിനിമയില്‍ സജീവമാകാതെ പോയി എന്നതിന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ് പിഎന്‍ സണ്ണി.
“സ്ഫടികത്തിന് ശേഷം നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം വന്നിരുന്നു. പക്ഷേ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇന്നത്തെ പോലെ അന്ന് സോഷ്യൽ മീഡിയയും, മൊബൈൽ ഫോൺ ഒന്നും സജീവമല്ലാത്തത് കൊണ്ട് സ്ഫടികത്തിനുശേഷം വന്ന ചില ഓഫറുകള്‍ എനിക്ക് നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് ഞാൻ അറിയുന്നത്. പോലീസ് ക്വാർട്ടേഴ്സിൽ ഫോൺ ഇല്ലാത്തത് കാരണം സിനിമാക്കാർക്ക് ബന്ധപ്പെടാൻ മറ്റു മാർഗങ്ങൾ ഒന്നുമില്ല. ചിലർ ജോലി സ്ഥലത്ത് അന്വേഷിച്ചു വരാറുണ്ട്. പക്ഷേ ജോലിതിരക്ക് കാരണം രണ്ടുമൂന്നു ദിവസം കഴിയുമ്പോഴായിരിക്കും ഞാൻ അറിയുന്നത്. സ്ഫടികത്തിന് ശേഷം ഞാൻ അഭിനയിക്കുന്നത് ‘സ്വസ്ഥം ഗൃഹഭരണം’ എന്ന ചിത്രത്തിലാണ്. ‘സ്ഫടികം’ കഴിഞ്ഞു ഭദ്രൻ സാറിന്റെ മറ്റൊരു സിനിമയിലും ഞാൻ അഭിനയിച്ചിരുന്നു. പൃഥ്വിരാജ് നായകനായ ‘വെള്ളിത്തിര’ എന്ന സിനിമയായിരുന്നു അത്. ആ സിനിമയിൽ അഭിനയിച്ചപ്പോഴാണ് നടൻ വിനായകനെ പരിചയപ്പെട്ടത്. വിനായകൻ അമൽ നീരദിന്റെ അടുത്ത് എന്റെ കാര്യം പറഞ്ഞു. അങ്ങനെ ‘ഇയ്യോബിന്‍റെ പുസ്തകം’ എന്ന സിനിമയില്‍ നല്ലൊരു വേഷം കിട്ടി. ആ സിനിമയുടെ ലൊക്കേഷനിൽ വച്ച് ചെമ്പൻ വിനോദിനെ പരിചയപ്പെട്ടു. ചെമ്പന്‍ വഴിയാണ് എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഡബിൾ ബാരൽ’ എന്ന സിനിമയില്‍ അവസരം ലഭിച്ചത്. ഇനിയും സിനിമയിൽ സജീവമാകണമെന്ന് തന്നെയാണ് ആഗ്രഹം”.
Post Your Comments