മലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമാണ് പത്മരാജൻ. പ്രയാണം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചുകൊണ്ട് സിനിമാ ലോകത്തേയ്ക്ക് എത്തിയ പത്മരാജൻ പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, കരിയിലക്കാറ്റു പോലെ, ദേശാടനക്കിളി കരയാറില്ല, തൂവാനത്തുമ്പികൾ, സീസൺ തുടങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന് സമ്മാനിച്ച സംവിധായകനാണ് പത്മരാജൻ.
പപ്പേട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന പത്മരാജൻ എന്ന സംവിധായകനെയും സുഹൃത്തിനെയുംക്കുറിച്ചു മോഹൻലാൽ പങ്കുവച്ച വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു.
“എന്നെ ഹൃദയത്തിൽ ചേർത്ത് നിർത്തിയ ഒരാളായിരുന്നു പപ്പേട്ടൻ. പ്രണയിച്ചു പ്രണയിച്ചാണ് ഞങ്ങൾ ജീവിച്ചത്.എനിക്ക് താടി നീട്ടുന്നത് വലിയ ഇഷ്ടമായിരുന്നു. പപ്പേട്ടനെപ്പോലെ താടിയുണ്ടാകുന്നത് ഭംഗിയായി ഞാൻ കരുതി.”
എനിക്ക് ആയുർവേദ ചികിത്സ നടക്കുന്ന കാലത്ത് പപ്പേട്ടൻ കാണാൻ വന്നു. എന്റെ താടി കണ്ടതും പപ്പേട്ടന് സന്തോഷമായി.
“എടാ ഇതിങ്ങനെ വച്ചാൽ പോരാ. നന്നാക്കണം.”
പപ്പേട്ടൻ തന്നെയൊരു കത്രികയെടുത്ത് എന്റെ താടി വെട്ടി ശരിപ്പെടുത്തി. കണ്ണാടി നോക്കിയപ്പോൾ എന്നെക്കാണാൻ ഭംഗിയുണ്ടെന്നു തോന്നി.
“സിനിമ മടുത്തു തുടങ്ങി പപ്പേട്ടാ. ഞാൻ ഇന്ത്യ കാണാനുള്ളൊരു യാത്ര തുടങ്ങുകയാണ്.”
ഇത് കേട്ടതും പപ്പേട്ടൻ ചാടി എഴുന്നേറ്റു. “എടാ ഞാനുമുണ്ട്. നമ്മൾ ഇരുവരുമായി യാത്ര ചെയ്യണം. ഇന്ത്യ മുഴുവൻ കാണണം. ഹിമാലയത്തിൽ അലയണം.”
പക്ഷെ ഞങ്ങളുടെ യാത്ര നടന്നില്ല.
ശരിക്കും ഞങ്ങൾ പരസ്പരം അലിയുകയായിരുന്നു. ഓരോ സെറ്റിലും കുറച്ചു ദിവസം കഴിയുമ്പോഴേക്കും ഞാൻ അറിയാതെ പത്മരാജനെപ്പോലെ നടക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നുവത്രെ. അത്രയേറെ എന്റെ രക്തത്തിൽ പപ്പേട്ടനുണ്ടായിരുന്നു.”
– ലാലേട്ടൻ എഴുതിയ ‘പത്മരാജൻ ഒരു വൈറസ് ആണ്’ എന്ന ലേഖനത്തിൽ നിന്നും ❤️
Post Your Comments