മലയാളസിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിലാണ് ജോജു ജോർജ്ജ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. നിരവധി സംവിധായകരോട് ചാൻസ് ചോദിച്ചും അങ്ങനെ ലഭിച്ച ചെറിയ വേഷങ്ങൾ മോശമല്ലാത്ത രീതിയിൽ അഭിനയിച്ചു ഫലിപ്പിച്ചും ജോജു ജോർജ്ജ് മലയാള സിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളരുകയായിരുന്നു. തനിക്ക് സിനിമയിൽ ആദ്യമായി ഒരു ഡയലോഗ് പറയാൻ കിട്ടിയ അവസര ത്തിൽ പൃഥ്വിരാജിനൊപ്പം നിന്ന് വിറച്ചു പോയ അനുഭവത്തെക്കുറിച്ചും അതേ വിറയല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ‘ജഗമേ തന്തിരം’ എന്ന തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അപൂര്‍വ്വ നിമിഷത്തെക്കുറിച്ചും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് ജോജു.
ജോജു ജോര്‍ജ്ജിന്റെ വാക്കുകള്‍
“കാർത്തിക് സുബ്ബരാജിന്റെ സിനിമയിൽ അഭിനയിച്ചത് മറക്കാനാവാത്ത അനുഭവമാണ്. ‘ജഗമേ തന്തിരം’ എന്ന സിനിമയിൽ അഭിനയിക്കാൻ ലണ്ടനിൽ പോകുമ്പോൾ ‘വാസ്തവം’ എന്ന സിനിമയില്‍ അഭിനയിച്ച അതേ അനുഭവമാണ് എനിക്ക് ഓര്‍മ്മ വന്നത്. നടൻ എന്ന നിലയിൽ എനിക്ക് ആദ്യമായി ഡയലോഗ് പറയാൻ കിട്ടിയ സിനിമയായിരുന്നു ‘വാസ്തവം’. അതിൽ പൃഥ്വിരാജിനൊപ്പം നിന്ന് അഭിനയിക്കുമ്പോൾ ശരിക്കും വിറച്ചു കൊണ്ടാണ് അതിലെ കഥാപാത്രം ചെയ്തത്. ‘ജഗമേ തന്തിരം’ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ അന്ന് വാസ്തവത്തിൽ അഭിനയിച്ചപ്പോഴുണ്ടായ അതേ വിറയൽ എന്നെ പിടികൂടിയിരുന്നു. കാർത്തിക് സുബ്ബരാജുമായി എനിക്ക് നേരത്തെ പരിചയമുണ്ട്. ജോസഫ് എന്ന സിനിമ ഞാൻ അദ്ദേഹത്തിന് കാണാൻ കൊടുത്തിരുന്നു. അദ്ദേഹം അത് കണ്ടിട്ട് മികച്ച അഭിപ്രായം പറയുകയും ചെയ്തു”.
Post Your Comments