പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ പുതിയ ചിത്രത്തിൽ നടൻ നെടുമുടി വേണുവിനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് അനുമോൾ . തയ എന്ന സംസ്കൃത ചിത്രത്തിലാണ് അനുമോളും നെടുമുടി വേണുവും ഒരുമിച്ചെത്തുന്നത്.
അദ്ദേഹത്തെ പോലൊരു നടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് കരിയറിലെ ഏറ്റവും മഹത്തരമായ കാര്യമാണെന്ന് അനുമോൾ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനുമോൾ ഇക്കാര്യം വ്യക്തമാക്കിയത്.
അനുമോളുടെ വാക്കുകൾ
”എനിക്ക് കിട്ടിയ ഒരു സുവർണാവസരമാണ് തയ എന്ന സിനിമ. സത്യസന്ധനായ നടനാണ് നെടുമുടി വേണു സർ. അദ്ദേഹത്തിന്റെ അഭിനയ പാഠവവും അനുഭവങ്ങളും പരിതികൾക്കപ്പുറമാണ്. അതൊക്കെയും അദ്ദേഹം സെറ്റിൽ ഞങ്ങൾ എല്ലാവരുമായും പങ്കുവയ്ക്കും. എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ വേണ്ടി വേണു സർ എന്നെ വളരെ അധികം സഹായിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചുള്ള കോമ്പിനേഷൻ രംഗങ്ങളിൽ എന്റെ ഭാഗങ്ങൾ അഭിനയിച്ചും അദ്ദേഹം കാണിച്ചു തരുമായിരുന്നു.
സ്ത്രീ ശരീര ഭാഷ എങ്ങിനെ സ്‌ക്രീനിൽ പ്രതിഫലിപ്പിക്കണം എന്നൊക്കെ വേണു സർ പറഞ്ഞു തന്നിട്ടുണ്ട്. നിൽക്കുമ്പോഴോ നടക്കുമ്പോഴും കൈ കാലുകൾ എങ്ങോട്ട് പോവണം എന്ന് പറഞ്ഞു തരും. കണ്ണിന്റെ നോട്ടവും അതിലെ ഭാവങ്ങളെ കുറിച്ചു പോലും വളരെ സൂക്ഷമമായി നിരീക്ഷിക്കുന്ന അഭിനേതാവാണ് നെടുമുടി വേണു. ഒരു അഭിനേതാവ് എന്ന നിലയിൽ അദ്ദേഹത്തെ പോലൊരു മുതിർന്ന നടനൊപ്പം അഭിനയിക്കാൻ കഴിയുന്നത് അനുഗ്രഹമാണ്.
പരമ്പരാഗത മുണ്ടും ബ്ലൗസുമാണ് ചിത്രത്തിൽ എന്റെ കഥാപാത്രത്തിന്റെ വേഷം. പത്തൊൻപതാം നൂറ്റാണ്ടിലെ സ്ത്രീകൾ എങ്ങിനെയാണ് ആ വേഷം ധരിച്ചിരുന്നത് എന്നൊക്കെ നെടുമുടി സർ പറഞ്ഞു തന്നു. എന്റെ രംഗങ്ങൾ അതി മനോഹരമായി അദ്ദേഹം ക്യാമറയിൽ പകർത്തി. വളരെ രസകരമായിരുന്നു സെറ്റിലെ അനുഭവങ്ങളും. ഞാൻ എല്ലാവരുടെ ‘മോൾ’ ആണെന്നാണ് വേണു സർ പറയുന്നത്. കൂടെ അഭിനയിക്കുന്ന അഭിനേതാക്കളെ അവരുടെ കംഫർട്ട് ലെവലിൽ നിർത്തുക എന്നതൊക്കെ മുതിർന്ന നടന്മാരുടെ അനുഭവ പാഠവങ്ങളാണ്. നെടുമുടി വേണു സാറിനൊപ്പമുള്ള സിനിമ ജീവിതത്തിൽ ഏറ്റവും വിലമതിയ്ക്കുന്ന അനുഭവമായിട്ട് ഞാനെന്നും സൂക്ഷിക്കും” – അനുമോൾ പറഞ്ഞു.
ജി പ്രഭയാണ് ചിത്രത്തിന്റെ സംവിധാനം. അവളാൽ എന്നാണ് ഈ പേരിന്റെ അർഥം. ഇഷ്‍ടി എന്ന സംസ്‍കൃത ചിത്രമാണ് ജി പ്രഭ ആദ്യമായി സംവിധാനം ചെയ്‍തത്. ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്.
Post Your Comments