നടൻ കൈലാഷിനെതിരെയുള്ള പരിഹാസ ട്രോളുകൾക്ക് മറുപടിയുമായി സംവിധായകൻ വിനോദ് ഗുരുവായൂർ. കഴിഞ്ഞ ദിവസമാണ് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രം ‘മിഷൻ സി’യിലെ കൈലാഷിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത്. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ പരിഹാസരൂപേനെയുളള ട്രോളുകൾ നിറയാൻ തുടങ്ങിയത്. കൈലാഷിന്റെ പഴയകാല ചിത്രങ്ങളെ താരതമ്യപ്പെടുത്തിയായിരുന്നു ട്രോൾ ആക്രമണം.
ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിനൊരു പരിധി ഉണ്ടെന്നും ട്രോളെന്ന രൂപേണ ആർക്കെതിരെയും എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴുളളതെന്നും വിനോദ് ഗുരുവായൂർ മനോരമ ഓൺലൈനിനോടു പറഞ്ഞു.
വിനോദ് ഗുരുവായൂറിന്റെ വാക്കുകൾ
വിഷമത്തോടെ തന്നെ പറയട്ടെ വളരെ മോശമായി ഒരു നടനെ ചിത്രീകരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ആ നടനെതിരെ ഇത്രയും ആക്രമണം എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല. കാരണം ഒരു സാധാരണ കുടുംബത്തിൽ നിന്നും വളർന്ന് അധ്വാനിച്ച് ചാൻസ് ചോദിച്ച് സംവിധായകരുടെയും പുറകെ നടന്ന് ഈ നിലയിൽ എത്തിയ താരമാണ് കൈലാഷ്.
ചിലപ്പോൾ എല്ലാ സിനിമകളും വലിയ സംവിധായകർക്കൊപ്പം അഭിനയിക്കാൻ സാധിച്ചന്ന് വരില്ല. സംവിധായകൻ നിർദ്ദേശിക്കുന്നത് അനുസരിച്ചായിരിക്കും പലപ്പോഴും അഭിനയിക്കേണ്ടി വരിക. കഥാപാത്രങ്ങൾക്കനുസരിച്ച് അഭിനയിക്കേണ്ടിയും വരാം. പക്ഷേ ഇന്നും സംവിധായകർ അദ്ദേഹത്തെ വിളിക്കുകയും സിനിമകൾ കൊടുക്കുകയും ചെയ്യുന്നത് എന്തെങ്കിലും ഒരു കഴിവില്ലാതെ ആയിരിക്കില്ല. കഴിവില്ല എന്ന് പറഞ്ഞ് ഒരാളെ മാറ്റി നിർത്തിയാൽ അയാളെ ഒരു സംവിധായകൻ വിളിക്കില്ല. ഇത് സംഘടിത ആക്രമണമാണ്. അയാളുടെ കരിയർ തന്നെ തകർക്കുന്ന സ്ഥിതിയിലുള്ള ൈസബർ ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
മിഷൻ സി എന്ന സിനിമയിൽ അദ്ദേഹം നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്. സിനിമ പുറത്തിറങ്ങുമ്പോൾ നിങ്ങൾക്ക് അത് മനസിലാകും. സിനിമയിൽ പ്രധാനറോളാണ് തന്റേതെന്ന മനസിലാക്കി സാമ്പത്തികം പോലും നോക്കാതെ വന്ന് അഭിനയിച്ച ആളാണ് കൈലാഷ്. ട്രോളുകൾ നമുക്ക് ആവശ്യമാണ്. പക്ഷേ പരിധി വിടുമ്പോൾ അത് സങ്കടകരമാകും.
‘ജീവിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്. കോടീശ്വരനായ കൈലാഷിനെ ഞാൻ കണ്ടിട്ടില്ല. വളരെ സാധാരണക്കാരനായ ഒരു നടൻ. ഇതൊരു അടിച്ചമർത്തൽ പോലെ തോന്നി. സിനിമ മോശമാകുമോ നല്ലതാകുമോ എന്ന് ചിത്രം പുറത്തിറങ്ങി കഴിഞ്ഞ് തീരുമാനിക്കുക. അതിനു മുമ്പ് തന്നെ വിധി എഴുതരുത്- വിനോദ് ഗുരുവായൂർ പറഞ്ഞു.
Post Your Comments