കസ്തൂരിമാൻ സ്വപ്നക്കൂട് എന്ന ചിത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധനേടിയ നടിയാണ് സാന്ദ്ര ആമി. മലയാളത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും തമിഴിലും തെലുങ്കിലുമായി നിരവധി സീരിയലുകളിലും സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സാന്ദ്ര ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. കുടുംബചിത്രമാണ് സാന്ദ്ര പങ്കുവെച്ചത്.
ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പമുള്ള ചിത്രത്തിൽ സാന്ദ്രയുടെ മരിച്ചുപോയ സഹോദരനും പ്രണയിനിയുടെയും ചിത്രങ്ങളാണ് വരച്ചു ചേർത്തിരിക്കുന്നത്. ഇങ്ങനെയൊരു ചിത്രം തന്റെ സ്വപ്നമായിരുന്നു എന്നാണ് സാന്ദ്ര കുറിക്കുന്നത്. 2006 ലാണ് സാന്ദ്രയുടെ സഹോദരൻ അപകടത്തിൽ മരണപ്പെട്ടത്. സഹോദരന്റെ മരണത്തിന് പിന്നാലെ അദ്ദേഹം സ്നേഹിച്ചിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്തെന്നുമാണ് സാന്ദ്ര പറയുന്നു. ചേട്ടന്റെ സാന്നിധ്യം ഇപ്പോഴും തന്റെ കൂടെയുണ്ട്. തന്റെ മക്കളിലൂടെ അവർ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും സാന്ദ്ര കൂട്ടിച്ചേർക്കുന്നു.
https://www.instagram.com/p/CNezehAhwnn/?utm_source=ig_web_copy_link
സാന്ദ്രയുടെ കുറിപ്പ്
രബീഷ് പറമ്മേൽ എന്ന കലാകാരൻ സ്വർഗത്തിൽ നിന്നും വന്ന മാലാഖയാണ്. മണിക്കൂറുകൾക്കുള്ളിൽ എന്റെ വലിയൊരു സ്വപ്നം അദ്ദേഹം സാധ്യമാക്കി തന്നു. ഈ ചിത്രം എനിക്കൊരു നിധിയാണ്. ഈ ജീവിതത്തിൽ ഞാനേറ്റവുമധികം സ്നേഹിക്കുന്ന ആളുകളാണ് ഈ ചിത്രത്തിലുള്ളത്. 2006 ലാണ് എനിക്കെന്റെ സഹോദരനെ ഒരു അപകടത്തിൽ (അപകടമെന്നാണ് പ്രത്യക്ഷത്തിലെങ്കിലും അത് അങ്ങനെയല്ല) നഷ്ടമാകുന്നത്. ഞാനീ ജീവിതത്തിൽ ഏറ്റവുമധികം ആശ്രയിച്ചിരുന്ന ഏക വ്യക്തി അദ്ദേഹമായിരുന്നു. ഒരു രാത്രി കൊണ്ട് എനിക്കെല്ലാം നഷ്ടമായി. ഇന്നും അദ്ദേഹത്തെ എനിക്ക് നഷ്ടമായെന്ന് വിശ്വസിക്കാനാകുന്നില്ല.എനിക്കത് വിശ്വസിക്കാനും താത്‌പര്യമില്ല. അതിന്റെ പിറ്റേ ദിവസം തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രണയിനിയും ആത്മഹത്യ ചെയ്തു. കാരണം അവർക്ക് അവരുടെ പ്രണയത്തെയാണ് നഷ്ടമായത്. എന്റെ ചേട്ടന്റെ നക്ഷത്രമാണ് എന്റെ കുഞ്ഞുങ്ങൾക്ക് ( അദ്ദേഹം ഇന്നും എന്നോടൊപ്പം ഉണ്ടെന്നതിന്റെ തെളിവുകളിൽ ഒന്നാണത്). അവർ വീണ്ടും ഞങ്ങൾക്ക് വേണ്ടി ജനിച്ചുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ മകൾ രുദ്രയെ ഞാൻ പാത്തുവെന്നാണ് വിളിക്കുന്നത്. കാരണം എന്റെ ജ്യേഷ്ഠത്തിയമ്മ അഹാ ഫാത്തിമയെ എന്റെ ചേട്ടൻ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞങ്ങളുടെ സന്തോഷത്തിൽ എന്നും അവരുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. എന്റെ സ്വപ്നം രബീഷ് ഇപ്പോൾ നടത്തി തന്നു. ഈ ചിത്രം കാണുമ്പോഴെല്ലാം ഞാൻ സന്തോഷത്താൽ മതിമറക്കുന്നു.
Post Your Comments