കൊവിഡിനെ തുടർന്ന് നഷ്ടത്തിലായ മലയാള സിനിമയെ കൈപിടിച്ചു ഉയർത്തിയ മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റ്’ 50 കോടി ക്ലബിൽ ഇടംനേടിയതായി റിപ്പോർട്ടുകൾ. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റിന് ഇതുവരെ അറുപത് കോടിയോളം രൂപയുടെ ടോട്ടൽ ബിസിനസ് നടന്നതായാണ് വിവരം.
ലോകമെമ്പാടുമായി ഇതിനകം മുപ്പത്തിനായിരത്തോളം ഷോകൾ പൂർത്തീകരിച്ചു കഴിഞ്ഞു. ചിത്രത്തിന് കേരളത്തിൽ നിന്ന് മാത്രം ഇരുപത് കോടിക്ക് മേൽ ഗ്രോസ് വന്നുകഴിഞ്ഞതയാണ് റിപ്പോർട്ടുകളിൽ. സാറ്റലൈറ്റ്, ഒ.ടി.ടി അവകാശങ്ങൾ വിറ്റ വകയിൽ പതിനഞ്ച് കോടി രൂപയോളവും ലഭിച്ചു.
സൗദി അറേബ്യയിലും ന്യൂസിലൻഡിലും ആസ്ട്രേലിയയിലും സിംഗപ്പൂരിലുമൊക്കെ ഏറ്റവും കൂടുതൽ കളക്ട് ചെയ്ത മലയാള സിനിമയെന്ന റെക്കാഡും ദി പ്രീസ്റ്റ് ഇതിനോടകം നേടിക്കഴിഞ്ഞു. ഗൾഫ് മേഖലയിൽ പത്ത് കോടിയിലേറെ ഗ്രോസ് കളക്ഷൻ നേടിയ ചിത്രത്തിന് ഇന്ത്യയിൽ കേരളത്തിന് പുറത്തുനിന്ന് മൂന്ന് കോടിക്ക് മേലും കളക്ഷൻ വന്നു.
നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പുരോഹിതന്റെ വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തിയത്.
മഞ്ജു വാര്യർ, നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്നായിരുന്നു നിർമാണം.
ഏപ്രിൽ 14 ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ഇന്ത്യയിലേയും 240 രാജ്യങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് ചിത്രം ഓൺലൈനിൽ കാണാനാകും.
Post Your Comments