പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ യുടെ നിർമാണവും പരസ്യ പ്രചരണവും അനുബന്ധ പ്രവർത്തികളും തടഞ്ഞ് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതി. സിനിമ നിർമാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് നൽകിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് നടപടി.
2018 ൽ കടുവ എന്ന സിനിമയുടെ തിരകഥാകൃത്തായ ജിനു എബ്രഹാം 10 ലക്ഷം രൂപ വാങ്ങി കടുവാകുന്നേൽ കുറുവച്ചൻ എന്ന സിനിമയുടെ തിരക്കഥ തനിക്ക് നൽകിയതായി അനുരാഗ് പരാതിയിൽ ബോധിപ്പിച്ചു. എന്നാൽ പിന്നീട് തന്റെ അറിവോ സമ്മതമോ ഇല്ലാതെ സിനിമയുടെ തിരക്കഥ നടൻ പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷൻ കമ്പനിക്കും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്പനിക്കും കൂട്ടായി നൽകിയതിനെ തുടർന്ന് കടുവാകുന്നേൽ കുറുവച്ചൻ എന്ന സിനിമ നിർത്തിവയ്ക്കേണ്ടി വന്നതായും അനുരാഗ് അന്യായത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമൂലമുണ്ടായ നഷ്ടവും തിരക്കഥ ലഭിക്കുന്നതിനു വേണ്ടി നൽകിയ തുകയും തിരികെ ലഭിക്കണമെന്നായിരുന്നു അന്യായത്തിലെ ആവശ്യം.
നീണ്ട വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തില്‍ ഒരുക്കുന്ന ചിത്രമാണ് കടുവ. കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാസ് ആക്ഷന്‍ എന്റര്ടെയ്നര് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ജിനു എബ്രഹാം ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.
Post Your Comments