പി ബാലചന്ദ്രന്റെ ഓർമകളിൽ സംവിധായകൻ ബിജു

അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രനെ അനുസ്മരിച്ച് സംവിധായകൻ ഡോ. ബിജു. ഓറഞ്ചു മരങ്ങളുടെ വീട്ടിൽ എന്ന തന്റെ പുതിയ ചിത്രത്തിൽ പി ബാലചന്ദ്രൻ അഭിനയിച്ച നിമിഷങ്ങളാണ് ബിജു ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രത്തിൽ അഭിനയിച്ച് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ബാലചന്ദ്രൻ അസുഖബാധിതനായതെന്ന് സംവിധായകൻ ഓർക്കുന്നു. ബാലചന്ദ്രൻ ഏറെ ഇഷ്ട്ടപ്പെട്ട് ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ് ചിത്രത്തിലേതെന്നും ബിജു പറഞ്ഞു. ലൊക്കേഷനിലെ രസകരമായ സംഭവങ്ങളും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഓറഞ്ചു മരങ്ങളുടെ വീട്ടിൽ അഭിനയിച്ചു പോയി ഏതാനും മാസങ്ങൾ കഴിഞ്ഞാണ് ബാലേട്ടൻ അസുഖ ബാധിതൻ ആകുന്നത്. ബാലേട്ടൻ ഏറെ ഇഷ്ടപ്പെട്ടു ആസ്വദിച്ചു ചെയ്ത ഒരു വേഷം ആയിരുന്നു ഓറഞ്ചു മരങ്ങളിലെ രായു എന്ന രാജു.ബാലേട്ടന്റെ ഏറെ വ്യത്യതസ്തമായ ഒരു വേഷവും.
വിട ബാലേട്ടാ.. ഒന്നിച്ചു ഇനിയും ഉണ്ടാകേണ്ടിയിരുന്ന ചില സിനിമകൾ കൂടി ബാക്കി വെച്ചിട്ടാണ് പ്രിയ ബാലേട്ടൻ വിട പറയുന്നത്..ഓറഞ്ചു മരങ്ങൾ ഷൂട്ട് ചെയ്യുമ്പോഴുള്ള ഏറെ രസകരമായ ദിനങ്ങൾ ഓർമയിൽ ഉണ്ട്….വാഗമണ്ണിലെ ഷൂട്ടിനിടയിൽ ഷോട്ടിൽ ഓടിവന്ന കാർ കുറ്റിച്ചെടികൾക്കിടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞപ്പോൾ ഞങ്ങൾ ഓടി വന്നു അതിൽ പേടിച്ചു വിറച്ചിരുന്ന ബാലേട്ടനെയും നെടുമുടി വേണു ചേട്ടനെയും ഗോവർദ്ധനെയും പുറത്തിറക്കുമ്പോൾ സ്വത സിദ്ധമായ ശൈലിയിൽ ബാലേട്ടന്റെ പ്രസ്താവന..ഇങ്ങനെ ഈ അപകടങ്ങൾ ഒക്കെ ഉണ്ടാവുമെന്നത് കൊണ്ടാ ഞാനീ കുന്ത്രാണ്ടം ഒന്നും പഠിക്കാത്തത്..
ഒട്ടേറെ ഓർമകൾ ആ ദിനങ്ങളിൽ ഉണ്ട്…ഏറെ ആസ്വദിച്ചിരുന്നു ബാലേട്ടൻ ആ ദിനങ്ങൾ…ബാലേട്ടൻ, വേണു ചേട്ടൻ, കുളൂർ മാഷ്, പ്രകാശ് ബാരെ, ദീപൻ ശിവരാമൻ, അനൂപ് ചന്ദ്രൻ, കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങി നാടക മേഖലയിൽ നിന്നും വന്നവരുടെ ഒരു ഒത്തു കൂടൽ കൂടി ആയിരുന്നു ആ ലൊക്കേഷൻ ദിനങ്ങൾ..അവിസ്മരണീയമായ ഒരു കഥാപാത്രത്തെ കൂടി അവതരിപ്പിച്ച ശേഷം ബാലേട്ടൻ യാത്ര പോയി.

Share
Leave a Comment