‘മോഹൻ കുമാർ ഫാൻസ്’ എന്ന സിനിമയിലൂടെ അപമാനിക്കാൻ ശ്രമിച്ചതിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നവെന്ന തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഏപ്രില്‍ ഫൂള്‍ പ്രാങ്ക് ആയിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. വ്യക്തിപരമായ അപകീര്‍ത്തിപ്പെടുത്തല്‍, അധിക്ഷേപം എന്നിവ ചൂണ്ടിക്കാട്ടി കുഞ്ചാക്കോ ബോബന് അടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് രാഹുല്‍ ഈശ്വര്‍ നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു ഏപ്രില്‍ ഫൂള്‍ പ്രാങ്ക് എന്ന നിലയില്‍ ചെയ്തതാണെന്നും സംവിധായകന് ജിസ് ജോയ് അടക്കം ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് കുറച്ചു നേരത്തേക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
“ഏപ്രില്‍ ഫൂള്‍!!! മോഹന്‍ കുമാര്‍ ഫാന്‍സിന്റെ മുഴുവന്‍ ടീമിനും ആശംസകൾ നേരുന്നു. സംവിധായകൻ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബൻ, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവർക്കും നന്മ നേരുന്നു. ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെൻഷൻ അടിച്ചു എന്ന് അറിയാം. ഏപ്രില്‍ ഫൂള്‍ സ്പിരിറ്റിൽ എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഞാനും എന്റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്. നല്ല കുടുംബ സിനിമയാണ്. സ്നേഹാദരങ്ങൾ അറിയിക്കുന്നു”, രാഹുല്‍ ഈശ്വര്‍ കുറിച്ചു.
തനിക്ക് സംസാരിക്കാന്‍ സമയം ചോദിച്ചുള്ള, പിന്നീട് വൈറല്‍ ആയിമാറിയ രാഹുല്‍ ഈശ്വറിന്റെ സംഭാഷണം അടങ്ങിയ ചാനല്‍ ചര്‍ച്ച ‘മോഹന്‍കുമാര്‍ ഫാന്‍സി’ലെ ഒരു രംഗത്തില്‍ കടന്നുവരുന്നുണ്ട്. ‘ഒരു 30 സെക്കന്‍ഡ് തരൂ അഭിലാഷേ’ എന്ന രാഹുല്‍ ഈശ്വറിന്റെ പ്രതികരണത്തോട് കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും അലന്‍സിയറും അടക്കമുള്ള കഥാപാത്രങ്ങള്‍ പ്രതികരിക്കുന്നുമുണ്ട്. ഈ രംഗമടക്കം പങ്കുവച്ചുകൊണ്ടാണ് സിനിമയ്ക്കും അണിയറക്കാര്‍ക്കുമെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് രാഹുല്‍ ഈശ്വര്‍ നേരത്തെ അറിയിച്ചിരുന്നത്.
Post Your Comments