നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ആദ്യ ദിവസത്തെ ചിത്രീകരണത്തിന്റെ സ്നിപ്പെറ്റ് വീഡിയോ പുറത്തുവിട്ടു. സംവിധായകന്റെ റോളിൽ മോഹൻലാൽ ആക്ഷൻ കട്ട് പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഛായാഗ്രാഹകൻ സന്തോഷ് ശിവനും തിരക്കഥാകൃത്ത് ജിജോ പുന്നൂസും, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും മോഹൻലാലിനൊപ്പമുണ്ട്.
സ്കൂൾ കുട്ടികൾക്ക് മോഹൻലാൽ നിർദേശങ്ങൾ നൽകുന്നതാണ് വീഡിയോയിൽ പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബറോസിന്റെ ചിത്രീകരണത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ പങ്കുവെച്ചിരുന്നു.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ജിജോ പുന്നൂസാണ് സിനിമയുടെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ.
Post Your Comments