Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

എനിക്ക് നൽകിയ വാക്ക് അവർ തെറ്റിച്ചു!: മമ്മൂട്ടി സിനിമയെക്കുറിച്ച് ബാലചന്ദ്ര മേനോന്റെ തുറന്നു പറച്ചിൽ

ഞങ്ങൾ താങ്കളെ ക്ഷമയോടെ കാത്തിരിക്കുമ്പോൾ എന്തിനാണ് ഇത്തരം വേഷങ്ങൾ ചെയ്യുന്നത് ?

മമ്മൂട്ടി  കേരള മുഖ്യമന്ത്രിയുടെ വേഷത്തിലഭിനയിക്കുന്ന ‘വൺ’ എന്ന സിനിമയിൽ വളരെ ചെറിയ വേഷത്തിൽ അഭിനയിച്ച ബാലചന്ദ്ര മേനോൻ ആ സിനിമയിൽ താൻ അങ്ങനെയൊരു വേഷം ചെയ്തത് എന്തിനാണെന്ന ചോദ്യവുമായി എത്തുന്ന പ്രേക്ഷകർക്ക് തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമായ മറുപടി നൽകുകയാണ് . ‘വൺ’ എന്ന ചിത്രത്തിലെ അതിഥി വേഷം ചെയ്തപ്പോൾ താൻ പറഞ്ഞിരുന്ന രണ്ടു നിബന്ധനയിൽ ഒരെണ്ണം മാത്രമേ ചിത്രത്തിന്റെ അണിയറക്കാർ പാലിച്ചുള്ളുവെന്നും ബാലചന്ദ്ര മേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒട്ടും പ്രതീക്ഷിക്കാതെ , എന്നാൽ , അനിവാര്യമായി വന്ന ഒരു പോസ്റ്റ് ആണിത് …. വിഷയം ഇപ്പോൾ തീയേറ്ററിൽ പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന ONE എന്ന മമ്മൂട്ടി ചിത്രമാണ് … അതിൽ ഒരു വേഷത്തിൽ ഞാനും അഭിനയിക്കുന്നുണ്ട് . ചിത്രത്തിൽ ഒരു മിനിട്ടിനുള്ളിൽ മാത്രം ആയുസ്സുള്ള ഒരു കഥാപാത്രമാണ് എന്റേത് . എന്നെ സ്നേഹിക്കുന്ന ഒരു ആസ്വാദകൻ തമാശരൂപേണ പറഞ്ഞ ഒരു കാര്യം കേട്ടപ്പോൾ ചിരി വന്നു . ഇന്റർവെൽ കഴിഞ്ഞു സിനിമ തുടങ്ങുന്നത് എന്റെ ഈ ഏക രംഗത്തോടെയാണ് . എങ്ങാനും ഇടവേളയിൽ പുറത്തു പോയ ഒരു പ്രേക്ഷകൻ അർഥശങ്കക്കിടയില്ലാതെ മൂത്ര ശങ്ക തീർക്കാൻ തീരുമാനിച്ചാൽ എന്നെ ഈ സിനിമയിൽ കാണില്ലത്രേ ! അവിടെയാണ് എന്റെ ഈ ‘ഒറ്റ രംഗം ‘ അവതാളത്തിലായത് . ചിത്രം കണ്ടിറങ്ങിയ എന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചു . അവരുടെ ന്യായം ഇങ്ങനെ : “താങ്കൾ മറ്റുള്ളവരുടെ സിനിമകൾ ചെയ്യുമ്പോൾ കഥയും വിശദശാംശങ്ങളുമൊക്കെ നോക്കിയാണ് ഓക്കേ പറയുന്നത് എന്ന് കേട്ടിട്ടുണ്ട് . ഏറെ നാളുകളായി താങ്കളെ തിരശ്ശീലയിൽ കണ്ടിട്ടും . ഞങ്ങൾ താങ്കളെ ക്ഷമയോടെ കാത്തിരിക്കുമ്പോൾ എന്തിനാണ് ഇത്തരം വേഷങ്ങൾ ചെയ്യുന്നത് ?” ചോദ്യം ന്യായമാണ് . അതിനു മറുപടിപറയാനുള്ള ബാധ്യതയും എനിക്കുണ്ട് …. ഞാൻ പറയട്ടെ …… ഇതെനിക്ക് അബദ്ധം പറ്റിയതോ അശ്രദ്ധ കൊണ്ടുണ്ടായതോ അല്ല . . എന്റെ ഇഷ്ടത്തിന് എന്റെ മനസ്സിന്റെ പൂർണ്ണ സമ്മതത്തോടെ ഞാൻ സ്വീകരിച്ചതാണ് . എന്റെ ‘കച്ചവടമൂല്യം’ മാത്രം നോക്കിയല്ല അവർ എന്നെ ക്ഷണിച്ചത് .’ ഭീമമായ’ പ്രതിഫലവുമായിരുന്നില്ല എന്റെ ആകർഷണം . നിങ്ങൾക്കെല്ലാം അറിയുന്നപോലെ സിനിമ ഉർദ്ധശ്വാസം വലിക്കുന്ന ഒരു സന്ദർഭത്തിൽ ഒരു മമ്മൂട്ടി സിനിമ ജനിക്കുന്നു . മലയാളത്തിലെ എല്ലാ ശ്രദ്ധേയരായ കലാകാരന്മാരും അതിലുണ്ടാകണം എന്നെ സദുദ്ദേശത്തോടെയാണ് സംവിധായകൻ എന്നെ സമീപിച്ചത് . ‘നയം വ്യക്തമാക്കുന്നു’ എന്ന എന്റെ ചിത്രത്തിന്റെ പേരും പറഞ്ഞാണ് ഞങ്ങൾ സംസാരം തുടങ്ങുന്നത് തന്നെ . സഞ്ജയ് ബോബി ആണ് രചന . അപ്പോൾ ….അതിന്റെ പിന്നിൽ മറ്റൊരു കഥയുണ്ട് . സഞ്ജയ് ബോബി യുടെ രചനയിൽ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ദുൽക്കർ സൽമാനെയും എന്നെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു ..കുറച്ചു ചർച്ചകളും നടന്നു …എന്നാൽ എന്തുകൊണ്ടോ അത് നടന്നില്ല. അപ്പോഴാണ് ‘ONE’ ന്റെ വരവ് . ” ചേട്ടാ …അതും നടക്കാതെ പോയില്ലേ ? നമുക്കിതിൽ ഒരു തുടക്കമിടാം ” ബോബി പറഞ്ഞു . പിന്നെ എനിക്കാലോചിക്കേണ്ടി വന്നില്ല. അന്നുമിന്നും സ്നേഹബഹുമാനങ്ങളോടെ സൂക്ഷിക്കുന്ന ഒരു ബന്ധമാണ് ഞാനും മമ്മൂട്ടിയും തമ്മിൽ . ബോബി അഭിനയിക്കേണ്ട സീൻ എനിയ്ക്ക് കൃത്യമായി അയച്ചു തന്നു …ഞാൻ എറണാകുളത്തുണ്ട് ..ഷൂട്ടിങ്ങും അവിടെ തന്നെ . അരദിവസം കൊണ്ട് ഒരു ചെറിയ സിനിമാക്കൂട്ടായ്മ . ഞാൻ രണ്ടു കാര്യങ്ങൾ നിഷ്കർഷിച്ചു . ടൈറ്റിലിൽ എന്റെ പേര് ‘ അതിഥിതാരം ‘ എന്ന രീതിയിൽ കൊടുക്കണം .( അതവർ ചെയ്തു. നന്നായി ) അടുത്തത് , ഇത്രയും ചെറിയ ഒരു സാന്നിധ്യമായതുകൊണ്ടു പരസ്യങ്ങളിൽ എന്റെ പേരോ ഫോട്ടോയോ കൊടുക്കരുത് എന്നും ഓർമ്മിപ്പിച്ചു .അത് തിയേറ്ററിൽ എന്നെ പെട്ടന്ന് കാണുന്നവർക്ക് ഒരു ‘മിന്നൽ ‘ അനുഭവമാകട്ടെ . അതവർ ചെയ്തില്ല . തന്നെയുമല്ല, ഒരു പ്രധാന വേഷക്കാരൻ എന്ന നിലയിൽ എന്റെ ഒറ്റക്കുള്ള പരസ്യങ്ങൾ വരെ വന്നപ്പോൾ, അതും BALACHANDRA MENON AS DR SREEKAR VARMA എന്നൊക്കെ വന്നപ്പോൾ ഒരുപാടെന്തൊക്കയോ പ്രതീക്ഷിച്ചു വന്നവർ ‘എന്തിനു ഇത് ചെയ്തു ?’ എന്ന് എന്നോടുള്ള സ്നേഹം കൊണ്ട് ചോദിച്ചതാണെന്നു മാത്രമേ ഞാൻ കരുതുന്നുള്ളു. ഒരുപാട് പേർ ഇങ്ങനെ വിമർശിച്ചപ്പോൾ എനിക്ക് ലേശം പ്രയാസം തോന്നി … മൂടോന്നു മാറ്റാൻ രാവിലെ ഒരു ഡ്രൈവിന് പോയി . അപ്പോൾ ഒരു ഫോൺ കാൾ … “ബാലേട്ടനാണോ ?'”അതെ ..ആരാ ?” ” ഞാൻ സലാമാണ്‌ ബാലേട്ടാ …പാലക്കാട് നിന്നാ .. “സലാമിന്റെ ശബ്ദത്തിൽ തൃശൂർ പൂരം കണ്ട ആവേശം … ” ഞാൻ “ONE ‘ കണ്ടു ബാലേട്ടാ …എനിക്ക് ഭയങ്കര ത്രില്ല് തോന്നി . “എനിക്കൊരു സംശയം …സലാം എന്നെ ഊതുകയാണോ ? “ONE ” കണ്ടിട്ടുള്ള ത്രിൽ മമ്മൂട്ടിയെയല്ലേ സലാം വിളിച്ചു പറയേണ്ടത് ? ഞാൻ അതിൽ ഒരു സീനിൽ അല്ലെ ഉള്ളു ?” ‘മമ്മൂട്ടിയുടെ സിനിമ ഇഷ്ട്ടം പോലെ വേറെയും ഉണ്ടല്ലോ ബാലേട്ടാ …പക്ഷെ ബാലേട്ടനും മമ്മൂട്ടിയും ഒത്തു സ്‌ക്രീനിൽ കണ്ടപ്പോലുള്ള ഒരു’ ത്രിൽ ‘ അത് പറയാതെ വയ്യ .. ‘ചിരിയോ ചിരിയി’ ലും ‘രാപ്പകലി’ ലും ‘കുഞ്ഞനന്തന്റെ കട’യിലുമൊക്കെ ഞങ്ങൾ ആ ത്രില്ല് അനുഭവിച്ചിട്ടുണ്ട് ….. ഓക്കേ സലാം .. ആസ്വാദനത്തിന്റെ ഒരു പുതിയ തലം കാണിച്ചു തന്നതിന്.. മമ്മൂട്ടിയുമൊത്തുള്ള ‘ത്രില്ലുകൾ’ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കാം … ഈ സിനിമയിലേക്കുള്ള തുടക്കം കുറിച്ച ബാദുഷക്കും ഒരു ‘ചിന്ന സല്യൂട്ട് …” ‘ ONE’ ന്റെ ശില്പികൾക്കും ! that’s ALL your honour

shortlink

Related Articles

Post Your Comments


Back to top button