ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ അജാസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് അജാസിനെ അറസ്റ്റ് ചെയ്തത്. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.
കസ്റ്റഡിയിൽ എടുത്ത താരത്തെ എട്ടുമണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ് എന്‍സിബി അറസ്റ്റ് രേഖപ്പെടുത്തിയത്. നടനുമായി ബന്ധപ്പെട്ട് മുംബൈയില്‍ രണ്ടിടത്ത് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തുകയാണ്.
മുംബൈയിലെ അന്ധേരി, ലോഖണ്ഡവാല എന്നിവിടങ്ങളിലെ നടന്റെ അപാര്‍ട്ടുമെന്റുകളില്‍ നടത്തിയ റെയ്ഡില്‍ ലഹരിമരുന്നുകള്‍ കണ്ടെടുത്തിരുന്നു. അല്‍പ്രാസോളം ടാബ്‌ലെറ്റ് അടക്കമുള്ളവയാണ് കണ്ടെടുത്തത്. ലഹരിമരുന്ന് ഇടപാടുകാരന്‍ ഫാറൂഖ് ഷെയ്ഖ് എന്ന ഷദാബ് ബട്ടാറ്റയുടെ സിന്‍ഡിക്കേറ്റിലെ അംഗമാണ് അജാസ് ഖാനെന്ന് എന്‍സിബി പറയുന്നു.
അതേസമയം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വീട്ടില്‍ നിന്നും കണ്ടെടുത്തത് ഭാര്യ ഉപയോഗിച്ചിരുന്ന ഉറക്കഗുളികകളാണെന്നാണ് താരം പറയുന്നത്. ലഹരിമരുന്ന് ഇടപാടുകാരനായ ഫാറൂഖ് ഷെയ്ഖിനെരണ്ടുകിലോഗ്രാം നിരോധിത മരുന്നായ മെഫഡ്രോണ്‍ സഹിതം കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടന്‍ അജാസിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തത്.
Post Your Comments