പ്രിയദര്ശന്- മോഹന്‍ലാല്‍ ടീമിന്റെ കുഞ്ഞാലി മരയ്ക്കാര്‍ റിലീസിന് കാത്തിരിക്കേ ആ സിനിമയില്‍ തനിക്ക് കിട്ടിയ വേഷത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടന് സിദ്ധിഖ്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന സിനിമയിലേക്ക് പന്ത്രണ്ട് ദിവസത്തിനായി തന്നെ വിളിച്ചപ്പോള്‍ സംവിധായകന് പ്രിയദര്‍ശനോട് തൊണ്ണൂറു ദിവസം ചിത്രീകരിക്കുന്ന സിനിമയില്‍ കുറച്ചു കൂടി വലിയൊരു വേഷം തന്നൂടെ എന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ സിദ്ധിഖ് പറയുന്നു.
സിദ്ധിഖിന്റെ വാക്കുകള്‍
“പ്രിയദര്ശന് സാറുമായി എനിക്ക് ഒരുപാട് നാളത്തെ പരിചയമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ സിനിമകളില്‍ ഒന്നും തന്നെ ഞാന്‍ അങ്ങനെയില്ല. ഒരിക്കല്‍ പ്രിയന് സാര്‍ എന്നോട് ഇത് പറഞ്ഞപ്പോള്‍ ഞാന്‍ പരിഭവം ഒന്നും പറഞ്ഞില്ല. പക്ഷേ ഇനി വിളിക്കുമ്പോള്‍ എന്നെ നല്ല ഒരു വേഷത്തിന് വിളിക്കണേ എന്ന് ഞാന്‍ പറഞ്ഞു. എന്റെ ആ പറച്ചില് പ്രിയന് സാറിനു ഇഷ്ടമായി. ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സിനിമയിലേക്ക് എന്നെ ആദ്യം വിളിക്കുമ്പോള്‍ പന്ത്രണ്ട് ദിവസമാണ് അവര്‍ ചോദിച്ചത്. തൊണ്ണൂറു ദിവസം ചിത്രീകരിക്കുന്ന ഒരു സിനിമയില്‍ പന്ത്രണ്ട് ദിവസത്തിനു വേണ്ടി വിളിക്കുമ്പോള്‍ ആ വേഷം ചെറുതായിരിക്കുമല്ലോ എന്ന് ഞാന്‍ ചിന്തിച്ചു. അങ്ങനെ ഞാന്‍ പ്രിയന് സാറിനെ വിളിച്ചു കാര്യം പറഞ്ഞു. എനിക്ക് കൂടുതല്‍ ദിവസം നിങ്ങളുടെ സെറ്റില്‍ നിന്ന് അഭിനയിക്കാനുള്ള നല്ലൊരു വേഷം തന്നൂടെ എന്ന് ഞാന്‍ ചോദിച്ചു. പ്രിയന് സാര്‍ ആലോചിക്കട്ടെ എന്ന് പറഞ്ഞു ഫോണ്‍ വച്ചു. ആ ചോദ്യം എനിക്ക് നാല്‍പ്പത് ദിവസം ചെയ്യാനുള്ള ക്യാരക്ടറിലേക്ക് വഴിമാറി. മോഹന്‍ലാല്‍ ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാരുടെ ഇളയപ്പയായിട്ടാണ്( വാപ്പയുടെ സഹോദരന്) ഞാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്”.
Post Your Comments