അരൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി നടി പ്രിയങ്ക അനൂപ്. കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ പ്രിയങ്ക അരൂർ നിയമസഭ മണ്ഡലത്തിൽ നിന്നും ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി) യുടെ സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. ടെലിവിഷൻ ആണ് പ്രിയങ്കയുടെ ചിഹ്നം.
പ്രചാരണം ആരംഭിക്കാൻ വൈകിയെങ്കിലും തന്നെ അരൂർകാർ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു എന്ന് പ്രിയങ്ക പറയുന്നു. ദാരിദ്ര്യത്തിന് ജാതി ഇല്ല എന്ന പാർട്ടിയുടെ മുദ്രാവാക്യമാണ് തന്നെ ഈ പാർട്ടിയിലേക്ക് ആകർഷിച്ചതെന്നും പ്രിയങ്ക വ്യക്തമാക്കി.
‘ചെറിയൊരു കനാലിന്റെ പ്രശ്നം വന്നപ്പോൾ അഞ്ച് വർഷത്തോളമാണ് പല പാര്‍ട്ടി ഓഫിസുകളിൽ കയറി ഇറങ്ങി. ഒരാള് പോലും തിരിഞ്ഞുനോക്കിയില്ല. അപ്പോൾപിന്നെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. സാധാരണക്കാരനു വേണ്ടി നല്ലത് ചെയ്യാൻ ഒരവസരം കിട്ടുകയാണ് ഇതിലൂടെ. അങ്ങനെയൊരു വിചാരത്തോടെയാണ് മത്സരത്തിനിറങ്ങിയത്.’
‘ഡിഎസ്ജെപി പുതിയൊരു പാര്‍ട്ടിയാണ്. അതിന്റെ ചില ഔദ്യോഗിക കാര്യങ്ങൾ വന്നുതുടങ്ങിയിട്ടേ ഒള്ളൂ. അതാണ് പ്രചാരണം ആരംഭിക്കാൻ താമസിച്ചത്.’–പ്രിയങ്ക പറഞ്ഞു.
പ്രിയങ്കയുടെ യഥാർത്ഥ പേര് കെ.എൻ. അംബിക എന്നാണു എങ്കിലും പ്രിയങ്ക എന്ന പേരിൽ തന്നെയാണ് വോട്ടര്‍മാരെ നടി സമീപിക്കുന്നത്. സിനിമാ മേഖലയിൽ നിന്നും നടന്മാരായ സുരേഷ് ഗോപി, മുകേഷ്, ഗണേഷ്കുമാർ, ധര്‍മജൻ തുടങ്ങിയ താരങ്ങളും മത്സരിക്കുന്നുണ്ട്.
Post Your Comments