ഞാനാണ് നിന്റെ ആദ്യത്തെ ആരാധിക ; ഇഷാനിയ്ക്ക് അഭിനന്ദനങ്ങളുമായി സിന്ധു കൃഷ്ണ

'വൺ’ സിനിമയുടെ ചിത്രീകരണസമയത്തുള്ള ഒരു വീഡിയോയും സിന്ധു പങ്കുവച്ചിട്ടുണ്ട്

അഹാനയ്ക്ക് പിന്നാലെ സഹോദരി ഇഷാനിയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ ‘വൺ’ എന്ന ചിത്രത്തിലൂടെയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ഇഷാനി അഭിനയരംഗത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ സിനിമ കണ്ടതിനു ശേഷം മകളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ.

“ഇഷാനീ… ഞാനാണ് നിന്റെ ആദ്യത്തെ ആരാധിക. നിന്നെ ആദ്യമായി കണ്ട ആ നിമിഷം മുതൽ ഞാൻ നിന്നെ സ്നേഹിച്ചുതുടങ്ങി എന്റെ കുഞ്ഞേ,” എന്നാണ് സിന്ധു തന്റെ ഇൻസ്റ്റഗ്രാമിലൂടെ കുറിച്ചിരിക്കുന്നത്. ‘വൺ’ സിനിമയുടെ ചിത്രീകരണസമയത്തുള്ള ഒരു വീഡിയോയും സിന്ധു പങ്കുവച്ചിട്ടുണ്ട്.

ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് സന്തോഷ് വിശ്വനാഥ് ആണ്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സ്‍പൂഫ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സന്തോഷ്. ബോബി-സഞ്ജയ്‍യുടെ തിരക്കഥയില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘വണ്ണി’ന് ഉണ്ട്.

‘കടയ്ക്കല്‍ ചന്ദ്രന്‍’ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന മുഖ്യമന്ത്രി കഥാപാത്രത്തിന്‍റെ പേര്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share
Leave a Comment