മലയാള സിനിമയുടെ ഹാസ്യത്തമ്പുരാനായി മാറിയ അടൂർ ഭാസി എന്ന അതുല്യ കലാകാരൻ ഓർമ്മയായിട്ട് ഇന്ന് 31 വർഷം. നാടകാഭിനയത്തിലൂടെ അഭിനയം ആരംഭിച്ച അടൂർ ഭാസി 1953-ൽ തിരമാല എന്ന സിനിമയിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് അരങ്ങേറുന്നത്. തുടർന്നുള്ള 36 വർഷങ്ങളിൽ അറുന്നൂറോളം സിനിമകൾ ചെയ്തു.
പ്രശസ്ത ഹാസ്യസാഹിത്യകാരൻ ഇ വി കൃഷ്ണപിള്ളയുടെയും ബി മഹേശ്വരിയമ്മയുടെയും നാലാമത്തെ മകനായി അടൂർ പെരിങ്ങനാട്ട് ചെറുതെങ്ങിലഴികത്ത് തറവാട്ടിലാണ് കെ ഭാസ്കരൻ നായർ എന്ന അടൂർ ഭാസി ജനിച്ചത്. അച്ഛന്റെ മരണത്തോടെയാണ് ഇവർ അടൂരിലേക്ക് എത്തിയത്. പിന്നീട് പേരിനൊപ്പം അടൂരും ചേർത്തു.
കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ടെക്സ്റ്റൈൽ ടെക്നോളജി പഠിച്ച അടൂർ ഭാസി കുറച്ചുകാലം മധുരൈ മിൽസ് ലിമിറ്റഡിൽ ജോലി ചെയ്തു. അവിടെ നിന്നും പത്രപ്രവർത്തനമേഖലയിലേക്ക് ചുവട് മാറ്റി ചവുട്ടിയ അദ്ദേഹം വീരകേസരി, സഖി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതിനിടെ നാടകത്തിൽ രംഗപ്രവേശം ചെയ്ത അടൂർ ഭാസി പിന്നീട് ആകാശവാണിയിലും ജോലി നോക്കി. ഇതിനൊക്കെ ശേഷമാണ് തന്റെ യഥാർത്ഥതട്ടകം സിനിമയാണെന്ന് അദ്ദേഹം സ്വയം തിരിച്ചറിഞ്ഞത്.
അഭിനയത്തിനു പുറമേ സംവിധായകന്റെ വേഷവും അടൂർ ഭാസി അണിഞ്ഞിട്ടുണ്ട്. ആദ്യപാഠം എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധാകനായുള്ള അരങ്ങേറ്റം. പിന്നീട് അച്ചാരം അമ്മിണി ഓശാരം ഓമന, രഘുവംശം, മല്ലനും മാതേവനും തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനം നിർവ്വഹിച്ചു. കൂടാതെ നിരവിധി ചിത്രങ്ങളിൽ ഗായകനായും അദ്ദേഹം തിളങ്ങി.
ഒരിടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ തിരിച്ചെത്തിയ അദ്ദേഹം, ആ ചിത്രത്തിലെ അഴിമതി നാറാപിള്ള എന്ന കഥാപാത്രത്തിലൂടെ 1984ലെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
അവിവാഹിതനായിരുന്ന അടൂർ ഭാസി 1990 മാർച്ച് 29ന് വൃക്ക രോഗത്തെ തുടർന്ന് അന്തരിച്ചു.
Post Your Comments