ചെന്നൈ: ഡിഎംകെ നേതാവും പ്രശസ്ത നടനുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് പരാതി. മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണസമയത്ത് അവിടെ നിന്ന് ഇഷ്ടിക മോഷ്ടിച്ച് എന്ന് ആരോപിച്ചാണ് ബിജെപി അംഗം താരത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 380-ാം വകുപ്പനുസരിച്ച് ഉദയനിധി സ്റ്റാലിന് അര്‍ഹമായ ശിക്ഷ ലഭിക്കേണ്ടതാണെന്നും ബിജെപി അംഗമായ നീധിപാണ്ഡ്യന്‍ നൽകിയ പരാതിയിൽ പറയുന്നു.
തൂത്തുക്കുടിയിലെ വിലാത്തികുളത്ത് കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തില്‍ ഉദയനിധി സ്റ്റാലിന് ഒരു ഇഷ്ടിക പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് എയിംസ് ക്യാംപസില്‍ നിന്ന് എടുത്തു കൊണ്ടു വന്നതാണെന്നാണ് താരം പറഞ്ഞത്.
‘മൂന്ന് കൊല്ലം മുമ്പ് എഐഎഡിഎംകെയും ബിജെപിയും നിര്‍മാണമാരംഭിച്ച എയിംസ് ആശുപത്രിയെ കുറിച്ച് നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ, ഇത് ഞാനവിടെ നിന്ന് എടുത്തു കൊണ്ടു വന്നതാണ്’. ഇഷ്ടിക ഉയര്‍ത്തിക്കാട്ടി സ്റ്റാലിന് പറഞ്ഞു.
സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നീധിപാണ്ഡ്യന്‍ പരാതിയുമായി രംഗത്തെത്തിയത്.
Post Your Comments