കഴിഞ്ഞ ദിവസം റിലീസിനെത്തിയ മമ്മൂട്ടി ചിത്രം വണ്ണിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് സിനിമയെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
മലയാളികൾക്ക് പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് ഈ കാലഘട്ടത്തിൽ ആവശ്യമുള്ള സിനിമയാണ് ‘വൺ’ എന്ന് ഷാജി കൈലാസ് പറയുന്നു. മനോരമ ഓൺലൈനും ജെയിൻ യൂണിവേർസിറ്റിയും നടത്തിയ പ്രത്യേക പ്രീമിയർ ഷോയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശക്തമായൊരു സന്ദേശം ചിത്രം നൽകുന്നുണ്ട്, നല്ല മേക്കിങ്, തിരക്കഥ, മമ്മൂക്ക മനോഹരമായി ചെയ്തു.’–ഷാജി കൈലാസ് പറഞ്ഞു. ഷാജി കൈലാസ്, ജിനു എബ്രഹാം, ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി, അഹാന കൃഷ്ണകുമാർ, തെസ്നിഖാൻ, ബീന ആന്റണി തുടങ്ങി നിരവധിപേർ സിനിമ കാണാൻ എത്തിയിരുന്നു.
ചിത്രത്തിൽ കേരള മുഖ്യമന്ത്രി കടയ്ക്കൽ രാമചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. മുരളി ഗോപി പ്രതിപക്ഷ നേതാവ് മരംപള്ളി ജയാനന്ദനായും ജോജു ജോര്‍ജ് പാര്‍ട്ടി സെക്രട്ടറി ബേബിച്ചനായും എത്തും. ഇരുവരേയും കൂടാതെ സിദ്ദിഖ്, സംവിധായകന് രഞ്ജിത്ത്, സലീം കുമാര്‍, ബാലചന്ദ്രമേനോന്, മധു, നിമിഷ സജയന്, ശങ്കര്‍ രാമകൃഷ്ണന് എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവീധായകന്. വൈദി സോമസുന്ദരം ആണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
Post Your Comments