നടൻ ഋഷി കപൂറുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുളള ഓർമ്മകൾ പങ്കുവച്ച് നടി നീതു കപൂര്‍. ഇന്ത്യന്‍ ഐഡളില്‍ അതിഥിയായി എത്തിയതായിരുന്നു താരം. ഷോയിൽ നീതുവും ഋഷിയും ഒരുമിച്ചഭിനയിച്ച ഒരു ഗാനം മത്സരാര്‍ഥികളിലൊരാള്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ വികാരാധീനയായ നീതു തങ്ങളുടെ പ്രണയകഥയും പങ്കുവച്ചത്.
വിവാഹത്തിന് മുന്‍പും ശേഷവുമായി പന്ത്രണ്ട് സിനിമകളിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്. വളരെ ചെറുപ്പത്തിലാണ് നീതു ബോളിവുഡ് സിനിമയിലേക്കെത്തുന്നത്. തുടക്കത്തിൽ നടൻ രാജ് കുമാറിന്റെ മകനും കൂടിയായ ഋഷിയോട് മിണ്ടാന്‍ തന്നെ ഭയമായിരുന്നുവെന്ന് നീതു പറയുന്നു. എന്നാല്‍ സംസാരപ്രിയനായിരുന്ന ഋഷി എല്ലാവരോടും പെട്ടന്ന് അടുക്കുന്ന പ്രകൃതമായതിനാല്‍ പേടി പതിയെ മാറി തുടങ്ങുകയായിരുന്നുവെന്ന് താരം പറയുന്നു. പിന്നീട് ഇരുവരും അടുത്ത സുഹൃത്താക്കളായി മാറുകയായിരുന്നു. എന്നാൽ ഋഷിക്ക് സിനിമയിലും പുറത്തുമായി ഒരുപാട് കാമുകിമാര്‍ ഉണ്ടായിരുന്നുവെന്ന് നീതു പറയുന്നു.
”ഒരോ പെണ്‍കുട്ടികളുടെയും പിറകെ പോയി അവസാനം ഋഷി എനിക്കരികില്‍ മടങ്ങിയെത്തും. ഞാന്‍ വളരെ ലാളിത്യമുള്ളവളും സത്യസന്ധതയുള്ളവളുമാണെന്ന് ഋഷി എല്ലായ്‌പ്പോഴും പറയാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു സംഭവമുണ്ടായി. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഞങ്ങള്‍ വെവ്വേറെ നഗരങ്ങളിലായിരുന്നു. ഋഷി എനിക്കൊരു ടെലഗ്രാം അയച്ചു, ഞാന്‍ നിന്നെ ഓര്‍ക്കുന്നു എന്നായിരുന്നു സന്ദേശം. അന്നാണ് ഞാന്‍ അദ്ദേഹവുമായി പ്രണയത്തിലാണെന്ന സത്യം തിരിച്ചറിഞ്ഞത്”, നീതു പറഞ്ഞു.
എന്നാൽ ഋഷി നീഎതുവിനോട് ആദ്യം പറഞ്ഞത് , ‘നമുക്ക് പ്രണയിക്കാം, എന്നാല്‍ ഞാന്‍ നിന്നെ വിവാഹം കഴിക്കില്ല എന്നായിരുന്നു.’ നീതുവിനും അത് സമ്മതമായിരുന്നു. സഹോദരിയുടെ വിവാഹത്തിന് ഋഷി നീതുവിനെ ക്ഷണിച്ചു. നീതു തന്റെ കാമുകിയാണെന്ന് കുടുംബാംഗങ്ങള്‍ മനസ്സിലാക്കിയതോടെ ഋഷി അവരോട് വിവാഹാഭ്യര്‍ഥന നടത്തുകയും പിന്നീട് ഇരുവരും 1980 ല്‍ വിവാഹിതരാകുകയുമായിരുന്നു.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു നീതു. അതേ വര്‍ഷം തന്നെ മകള്‍ റിധിമ കപൂര്‍ ജനിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്‍ബീറും. പിന്നീട് ഇംത്യാസ് അലിയുടെ ലൗ ആജ് കല്‍ എന്ന ചിത്രത്തിലൂടെ നീതു സിനിമയില്‍ മടങ്ങിയെത്തി. ഋഷി കപൂറിന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു ചിത്രത്തില്‍ നീതു കൈകാര്യം ചെയ്തത്.
അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഋഷി കപൂർ ഏപ്രിൽ 30നാണ് അന്തരിച്ചത്.
Post Your Comments