തന്റെ സിനിമകളുടെ വിജയത്തെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ജൂറിയ്ക്കോ നിരൂപക പ്രശംസ നേടാന്‍ വേണ്ടിയോ സിനിമ ചെയ്യാറില്ലെന്നും സ്വന്തം സിനിമകള്‍ തിയേറ്ററില്‍ തന്നെ ജയിച്ചു കാണാന്‍ ആഗ്രഹിക്കുന്നയാളാണ് താനെന്നും മുരളി പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
തിയേറ്ററിൽ വിജയിക്കാതെ ഇരിക്കുകയും എന്നാൽ പിന്നീട് ആ ചിത്രങ്ങൾ പ്രശംസിക്കപ്പെടുകയും ചെയുമ്പോൾ വിഷമം തോന്നാറുണ്ടെന്ന് മുരളി പറയുന്നു.
മുരളിയുടെ വാക്കുകൾ
”എന്റെ സിനിമ തീയറ്ററിൽ തന്നെ വിജയിക്കണം എന്നു അഗ്രഹിക്കുന്ന ആളാണ് ഞാൻ. ടിയാൻ, കമ്മാര സംഭവം പോലുള്ള സിനിമകൾ റീലിസ് ചെയ്തു രണ്ടു വർഷമൊക്കെ കഴിഞ്ഞ്, അത് ഭയങ്കര രസമുള്ള ആശയമായിരുന്നു. ഉഗ്രൻ ചിന്തയായിരുന്നു എന്നു കേൾക്കുമ്പോൾ നിരാശ തോന്നും. കാരണം, ഞാൻ തീയറ്ററുകൾക്കു വേണ്ടിയാണ് സിനിമ എടുക്കുന്നത്. അവിടെ അതു ഹിറ്റാകണം. കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ എന്നൊക്കെ ചിലർ പറയും. അങ്ങനെ പറയുന്ന സുഹൃത്തുക്കളോട് ഞാൻ പറയും, എനിക്ക് കാലത്തിന് മുന്നേ സഞ്ചരിക്കണ്ട. എന്റെ കാലത്തിൽ നിങ്ങൾ അതു കണ്ടിട്ട് കൊള്ളാമെന്ന് പറയാൻ കഴിയുമെങ്കിൽ അതു ചെയ്യുക. അല്ലാതെ അത് തിയറ്ററിൽ നിന്നും പോയിട്ട് പിന്നെ രണ്ട് കൊല്ലം കഴിഞ്ഞിട്ട് ഇപ്പോൾ നല്ല സിനിമയാണെന്ന് പറയുന്നത് എന്റെ പരാജയമായിട്ടാണ് ഞാൻ കാണുന്നത്” മുരളി ഗോപി പറയുന്നു .
‘ജൂറിക്കു വേണ്ടി ഞാൻ സിനിമ എടുക്കാറില്ല. പുരസ്കാരങ്ങൾക്കു വേണ്ടിയോ നിരൂപകപ്രശംസയ്ക്കു വേണ്ടിയോ ഞാൻ സിനിമ ചെയ്യാറില്ല. നീരൂപണത്തിനു വേണ്ടി സിനിമ നിർമിക്കുന്ന ഒരു വ്യക്തിയല്ല ഞാൻ. സിനിമയിലൂടെ പ്രേക്ഷകരുമായി സംവദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു സിനിമയുടെ വിധി എന്താണെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. പെർഫോർമൻസിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ചില സമയങ്ങളിൽ അതു ശ്രദ്ധിക്കപ്പെടാതെ പോകാം. തീയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് തീർച്ചയായും സങ്കടകരമായ കാര്യമാണ്’ മുരളി കൂട്ടിച്ചേർത്തു.
Post Your Comments