മമ്മൂട്ടി നായകനാകുന്ന ‘വൺ’ സിനിമ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ചിത്രത്തിന്റെ പ്രഖ്യാപനം മുതലേ ഉയർന്നു വന്നിരുന്ന ചോദ്യമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയാണോ ചിത്രം പറയുന്നത് എന്ന്. ഇപ്പോഴിതാ വിഷയത്തിൽ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.
‘മുഖ്യമന്ത്രി പിണറായി വിജയൻറെ കഥയല്ല. പൊതുജനങ്ങളുടെ വീക്ഷണ കോണിൽ നിന്നാണ് നമ്മൾ കഥയെ സമീപിച്ചിട്ടുള്ളത്. വിഷയത്തെ മുൻവിധിയോടെ എടുത്തിട്ടില്ല. നിലവിലെ മന്ത്രിസഭയുമായോ മുഖ്യമന്ത്രിയുമായോ ബന്ധിപ്പിക്കുന്ന ഒന്നും സിനിമയിലില്ല’. തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും വ്യക്തമാക്കി.
‘കഥാപാത്രം വസ്തുനിഷ്ഠമാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമയിൽ മുഖ്യമന്ത്രിക്ക് ഒരു ലക്ഷ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം സിനിമയിലെ കേന്ദ്രകഥാപാത്രമാകുന്നത് ‘- സഞ്ജയ് പറഞ്ഞു.
സന്തോഷ് വിശ്വനാഥനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.
ചിത്രത്തിൽ മുരളി ഗോപി, ജോജു ജോര്‍ജ്, ജഗദീഷ്, സംവിധായകന്‍ രഞ്ജിത്, സലീം കുമാര്‍, നിമിഷ സജയന്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, അലന്‍സിയര്‍, സുധീര്‍ കരമന, രശ്മി ബോബന്‍, അര്‍ച്ചന മനോജ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments